sep05b

ആറ്റിങ്ങൽ: ഓണത്തിരക്ക് ഏറിയതോടെ ആറ്റിങ്ങൽ ഗതാഗതക്കുരുക്കിൽ നട്ടം തിരിയുകയാണ്. ഗതാഗതം സുഗമമാക്കാൻ പൊലീസ് രംഗത്തുണ്ടെങ്കിലും തിരക്ക് അനിയന്ത്രിതമാകുകയാണിപ്പോൾ. നാലുവരിപ്പാത നിർമ്മിച്ചതോടെ ആറ്റിങ്ങലിൽ ഗതാഗതക്കുരുക്കിന് ശമനം ഉണ്ടായെങ്കിലും ഓണത്തിന് കാറുമായി ഭൂരിഭാഗവും പർച്ചേസിന് നിരത്തിലിറങ്ങിയതോടെ ഗതാഗതം കുരുങ്ങി മറിയുകയാണ്.
നാലുവരിപ്പാതയിൽ പലഭാഗങ്ങളിലും വാഹനങ്ങൾ നിരനിരയായി കിടക്കുകയാണ്. ബി.ടി.എസ് റോഡ്,​ പാലസ് റോഡ്,​ അയിലം റോഡ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് തടസം സൃഷ്ടിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാനായി ആറ്റിങ്ങൽ പൊലീസ് ദേശീയപാതയോരത്ത് ബോക്സ് ഘടിപ്പിച്ച് നിർദ്ദേശങ്ങൾ റെക്കാഡ‌് ചെയ്ത് നിരന്തരം കേൾപ്പിക്കുന്നുണ്ട്. പ്രധാന പാതകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് അനൗൺസ്‌മെന്റ് നടക്കുന്നുണ്ടെങ്കിലും പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

തിരക്ക് കൂടുന്ന സമയങ്ങളിൽ പൊലീസ് കൈമെയ് മറന്ന് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടകോത്സവവും വൈദ്യുത ദീപാലങ്കാരവും കാണാൻ ജനം നഗരത്തിലേക്ക് എത്തുന്നതാണ് തിരക്ക് കൂടാൻ കാരണം. തിരക്ക് നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.