onam

സമാധാനവും സന്തോഷവും നിറഞ്ഞ ഐക്യസുന്ദരമായ ലോകം കാംക്ഷിക്കുന്ന ജനങ്ങൾക്ക് ഓണം പ്രതീക്ഷയുടെ ദീപനാളമാണ്. സമൃദ്ധിയും സമഭാവനയുമാണ് ഓണത്തിന്റെ സന്ദേശം. കള്ളവും ചതിയുമില്ലാതെ മനുഷ്യർ മമതയോടെ കഴിഞ്ഞിരുന്ന കാലം. സമത്വസുന്ദരമായ ആ ഭൂതകാലത്തെ പുനഃസൃഷ്ടിക്കാനുള്ള അഭിവാഞ്ഛയാണ് ഓണത്തിന് അപൂർവ ചാരുത പകരുന്നത്. മാനവികതയുടെ വീഥി കൂടുതൽ വിശാലവും വിപുലവുമാക്കാനുള്ള ചരിത്രബോധവും സാമൂഹികധാരണയും സൃഷ്ടിക്കാനുള്ള പ്രേരണയുമാണ് ഓണം. സാധാരണ ജീവിതത്തിലുള്ള വൈവിദ്ധ്യങ്ങൾക്കു നടുവിൽ പരമമായ ഏകത്വത്തിന്റെ വിളംബരം കൂടിയാണിത്. എന്നാൽ ആഘോഷ മുഹൂർത്തത്തിൽ മാത്രം ഈ 'ഐക്യം" യാഥാർത്ഥ്യമായാൽ മതി​യോ? നാനാത്വം മി​ഥ്യയാണെന്ന് ഉദ്‌ഘോഷി​ച്ചവർ തന്നെയാണ് ഇവി​ടെ വി​ഭാഗീയതയുടെ കൊടിക്കൂറകൾ ഉയർത്തി​യത്. സങ്കുചി​ത ചി​ന്തകളും വി​ഭാഗീയ ശാഠ്യങ്ങളും സമൂഹത്തെ കീഴ്‌പ്പെടുത്താൻ ശ്രമി​ക്കുമ്പോൾ മാനവ സാഹോദര്യത്തി​ന്റെ മഹാസന്ദേശങ്ങളാണ് നമുക്ക് സാന്ത്വനവും സമാശ്വാസവുമാകുന്നത്. ജാതി​ഭേദവും മതദ്വേഷവുമി​ല്ലാത്ത സമൂഹത്തി​ൽ മാത്രമേ മനുഷ്യസാഹോദര്യം യാഥാർത്ഥ്യമാകൂ. ഈ സമത്വവീക്ഷണമാണ് എല്ലാ മുന്നേറ്റങ്ങളുടെയും മുഖ്യധാരയായി​ നിലകൊള്ളുന്നത്. യാഥാർത്ഥ്യബോധത്തോടും ശാസ്ത്രീയ വ്യക്തതയോടുമുള്ള സമീപനമാണ് ഇവിടെ ആവശ്യം. സാമ്പത്തി​കവും സാമൂഹി​കവുമായ തുല്യതയും അവസരസമത്വവും ഉറപ്പുവരുത്തുന്ന പ്രായോഗി​ക പദ്ധതിയി​ലൂടെ മാത്രമേ മാവേലി​ സ്വപ്നം കണ്ട ഓണം സാക്ഷാത്കരി​ക്കാൻ കഴി​യൂ. നല്ല നാളെയെക്കുറി​ച്ച് മി​ഴി​വോടെ സ്വപ്നം കാണാൻ ഓണനാളുകൾ വഴി​യൊരുക്കുകതന്നെ വേണം.

ഓണസങ്കല്പത്തി​ന്റെ നി​സ്തുലവും അനശ്വരവുമായ മഹി​മ ഉയർത്തി​പ്പി​ടി​ച്ചുകൊണ്ട് സമത്വ വീക്ഷണത്തി​ന്റെ പ്രായോഗി​കത സുനി​ശ്ചി​തമാക്കാൻ പുതി​യ ഉണർത്തുപാട്ടുകൾ അനി​വാര്യമാണ്. അത്തരത്തി​ലുള്ള ധർമ്മ കാഹളങ്ങളും അത് മനസി​ലാക്കാനാകുന്ന അഭി​രുചി​കളുമുണ്ടായാൽ മാത്രമേ ഓണം വി​ഭാവന ചെയ്യുന്ന സമഭാവനയുടെ വെളി​ച്ചം സംക്രമി​ക്കാനാകൂ.