kallar

വിതുര: കനത്തമഴയെ തുടർന്നുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കല്ലാറിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മൂന്നംഗസംഘത്തെ രക്ഷപ്പെടുത്തി. മീൻമുട്ടി സന്ദർശനം കഴിഞ്ഞ് കല്ലാറിലേക്ക് കാറിൽ മടങ്ങുമ്പോഴായിരുന്നു അപകടം.

മലവെള്ളപ്പാച്ചിലുണ്ടായതോടെ മൂന്നുപേരും കാറിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പൊന്മുടി, ബോണക്കാട് വനമേഖലയിൽ ഇന്നലെ ഉച്ചയോടെ കനത്ത മഴ പെയ്‌തതിന് പിന്നാലെയാണ് കല്ലാറിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. കല്ലാർ കരകവിഞ്ഞതോടെ വാമനപുരം നദിയിലെ പൊന്നാംചുണ്ട്, ചെറ്റച്ചൽ, സൂര്യകാന്തി പാലങ്ങൾ വെള്ളത്തിനടിയിലാകുകയും മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകുകയും ചെയ്‌തു.

പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ വെള്ളം കയറിയതിനെ തുടർന്ന് ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങുകയും വിതുര പൊന്മുടി റൂട്ടിൽ മണിക്കൂറോളം ഗതാഗതം നിലയ്ക്കുകയും ചെയ്‌തു. പേപ്പാറ വനമേഖലയിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

രക്ഷപ്പെടുത്തിയത്

വാളയാർ രാജു

കല്ലാറിൽ ഒഴുക്കിൽപ്പെട്ട തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘത്തെ രക്ഷപ്പെടുത്തിയത് കല്ലാർ വാളയാർ സ്വദേശി രാജുവാണ്. മീൻമുട്ടിയിൽ പോയി മടങ്ങിവന്ന മൂന്നുപേരും കാറിൽകയറുന്നത് രാജു കണ്ടിരുന്നു. വലിയ ശബ്ദത്തോടെ മലവെള്ളപ്പാച്ചിലുണ്ടായതോടെ രാജു ഉടൻ കാറിനടുത്തെത്തുകയായിരുന്നു.

മൂന്നുപേരെയും കല്ലാർ മംഗലകരിക്കകത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്‌തു. സമീപത്തായി കണ്ടെത്തിയ കാർ ഇന്ന് ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തശേഷം മൂവരും തമിഴ്നാട്ടിലേക്ക് മടങ്ങും.