
ശിവഗിരി: ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് സെപ്തംബർ പത്തിന് വൈകിട്ട് 4.30ന് ശിവഗിരിയിൽനിന്നും വർണ്ണശബളമായ ജയന്തിഘോഷയാത്രപുറപ്പെടും.ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്ന ഗുരുദേവറിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം, ശിങ്കാരിമേളം, ഗുരുദേവവിഗ്രഹം വഹിക്കുന്ന കമനീയമായ രഥം, കലാരൂപങ്ങൾ, ഭക്തിഗാനാലാപന സംഘങ്ങൾ, നാദസ്വരം, ബാൻഡ്മേളം, വിവിധയിനം നൃത്തങ്ങൾ, നാസിക് ഡോൾ, ദീപാലങ്കാരങ്ങൾ, ഗുരുദേവദർശനത്തെ പ്രതിഫലിപ്പിക്കുന്ന കമനീയ ഫ്ളോട്ടുകൾ എന്നിവ അണിനിരക്കും. ഘോഷയാത്ര ശിവഗിരിയിൽ നിന്ന് പുറപ്പെട്ട് വർക്കല റെയിൽവേസ്റ്റേഷൻ, മൈതാനം, എസ്.എൻ മിഷൻ ഹോസ്പിറ്റൽ, പുത്തൻചന്ത, മരക്കടമുക്ക് ഗുരുമന്ദിരം, കിടാവിത്തുവിള, പാലച്ചിറ, വട്ടപ്ലാമൂട് ശിവഗിരി എസ്.എൻ കോളേജ്, ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ, ശിവഗിരി നഴ്സിംഗ് കോളേജ് വഴി 8ന് മഹാസമാധിയിൽ എത്തിച്ചേരും. തുടർന്ന്, ഫ്ളോട്ടുകൾക്കും ഗൃഹാലങ്കാരത്തിനും സ്ഥാപനാലങ്കാരത്തിനും സമ്മാനങ്ങൾ വിതരണം ചെയ്യും.