കാട്ടാക്കട:കെ.എസ്.ആർ.ടി.സിയിൽ രണ്ട് മാസം ശമ്പളം മുടങ്ങി നിത്യവൃത്തിക്ക് വകയില്ലാത്തതിനെ തുടർന്ന് കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടർ കുടുംബസമേതം ഡിപ്പോയ്ക്ക് മുന്നിൽ സമരം നടത്തി.നരുവാമൂട് സ്വദേശി ഗോപീഷാണ് ഭാര്യയും മകനുമൊത്ത് പ്രതിഷേധ സമരം നടത്തിയത്. രോഗ ബാധിതനായിട്ടും കുടുംബത്തിന്റെ ദുരിതം മാറ്റാനാണ് രണ്ട് മാസം ഡ്യൂട്ടി ചെയ്തതെന്ന് ഗോപീഷ് പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ശമ്പളം ലഭിക്കാതായതോടെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടായി.സമരം തുടരുന്നതിനിടെ ഒരു മാസത്തെ ശമ്പളത്തിൽ നിന്ന് 75ശതമാനം അക്കൗണ്ടിൽ ലഭിച്ചതായി സന്ദേശം കിട്ടിയതോടെ ഗോപീഷ് സമരം അവസാനിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ മിക്ക ജീവനക്കാരും ഈ അവസ്ഥയിലാണ്. സർക്കാരിനെയും യൂണിയനുകളെയും പേടിച്ച് ആരും ഒന്നും മിണ്ടുന്നില്ല.തന്റെ ചികിത്സാ ചെലവുകളും മകന്റെ പഠനവും വീട്ടുവാടകയും നല്ലൊരു തുക തന്നെ മാസം ചെലവാകും. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണെന്നും ഗോപീഷ് പറഞ്ഞു.