കല്ലമ്പലം: കഴിഞ്ഞ ഒരു മാസത്തിലേറെയായി തോരാതെ പെയ്യുന്ന മഴ ഗ്രാമീണ മേഖലയിലെ കർഷകരെയും തൊഴിലാളികളെയും കടക്കെണിയിലാക്കി. മഴയായതിനാൽ ടാപ്പിംഗ് നടക്കാത്തതും അടിച്ചിട്ട റബ്ബർ ഷീറ്റുകൾ ഉണക്കാൻ കഴിയാത്തതും കെട്ടിട നിർമ്മാണ ജോലികൾ നടക്കാത്തതും ഭൂരിഭാഗം കശുഅണ്ടി ഫാക്ടറികളും മാസങ്ങളായി അടഞ്ഞുകിടക്കുന്നതും തൊഴിലാളികളുടെ പ്രതീക്ഷകളെ തകർത്തു.
നിർമ്മാണ സാമഗ്രികൾ കടം നൽകിയ വ്യാപാരികൾക്ക് പറഞ്ഞുറപ്പിച്ചിരുന്ന ദിവസം തുക നൽകാൻ കഴിയാതെ വീടുപണിയുടെ കരാർ എടുത്തവരാണ് ഏറെയും കടക്കെണിയിലായത്.
മൂന്ന് മാസത്തെ കരാറിലാണ് പലരും പണി ഏറ്റെടുത്തത്. ഇതിനിടയിൽ പൂർത്തിയായില്ലെങ്കിൽ അമിതചെലവ് താങ്ങാനാവില്ല. സ്‌ഥിരം പണിക്കാരായതിനാൽ ജോലി നടന്നില്ലെങ്കിലും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ കരാറുകാരന് ബാദ്ധ്യതയുണ്ട്. ഭൂരിഭാഗം തൊഴിലാളികളും അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പോറ്റുന്നവരാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന കൂടി നേരിടേണ്ടി വന്നതോടെ പല തൊഴിലാളികളുടെയും വീടുകളിൽ തീ പുകയാതായി. മറ്റു തൊഴിലുകളൊന്നും വശമില്ലാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. ടാപ്പിംഗ് മുടങ്ങിയാൽ ആശ്രയിക്കുന്നത് തോട്ടം ഉടമയെയാണെങ്കിലും ഒരു പരിധി കഴിഞ്ഞാൽ ഉടമയും കൈയൊഴിയും. നിത്യചെലവുകൾക്ക് പോലും നാട്ടുകാരോട് കൈനീട്ടേണ്ട അവസ്ഥയിലാണ് പലരും.
മാനേജ്‌മെന്റുകളുടെ ദയാവായ്പിനായി കാത്ത് ദിവസം തള്ളിനീക്കുകയാണിവർ. തോട്ടം മേഖല ധാരാളമുള്ള നാവായിക്കുളം, കരവാരം, നഗരൂർ, പള്ളിക്കൽ,മടവൂർ പഞ്ചായത്തുകളിൽ ജനജീവിതം തകിടം മറിഞ്ഞു. ഈ മേഖലകളിലെ അനിശ്ചിതത്വം വ്യാപാരസ്ഥാപനങ്ങൾക്കും പൊതുവിപണിക്കും മീതെ ഓണമായിട്ട് കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്.
മഴ കടക്കെണിയിലാക്കി
റബർ മരങ്ങളിൽ പ്ലാസ്റ്റിക് വിരിച്ചും മറ്റും ടാപ്പിംഗ് പുനരാരംഭിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത റബർ കർഷകരും, ഭവന നിർമ്മാതാക്കളുമാണ് വെട്ടിലായത്. നിശ്ചിത കാലയളവിനുള്ളിൽ വീട് പൂർത്തീകരിച്ചില്ലെങ്കിൽ തുക പൂർണമായും ലഭിക്കില്ല. കടമായും പലിശയായും ലക്ഷക്കണക്കിന് രൂപയുടെ ബാദ്ധ്യത വരിഞ്ഞുമുറുക്കുകയാണ് ഭവന നിർമ്മാതാക്കളെ. കെട്ടിടം പണി ഏറ്റെടുത്ത കരാറുകാരുടെ അവസ്ഥ ഇതിനെക്കാൾ കഷ്ടമാണ്. പാതിവഴി മുടങ്ങിയ പണി പൂർത്തിയാക്കാനും കഴിയുന്നില്ല.
ഓണം പട്ടിണിയിൽ
പകർച്ചവ്യാധികളും പടർന്നതോടെ മിക്ക കുടുംബങ്ങളും നിത്യവൃത്തിക്കായി കഷ്ടപ്പെടുകയാണ്. കടംവാങ്ങി വേണം ഓണമാഘോഷിക്കാൻ. മഴ കാരണം കെട്ടിട നിർമ്മാണത്തിന് ഇറക്കിയിട്ടിരുന്ന സിമന്റ്, സൈറ്റുകളിൽ കിടന്ന് കട്ട പിടിച്ചു. മണലെല്ലാം മഴയിൽ ഒലിച്ചു പോയി. പണി നടന്നില്ലെങ്കിലും തൊഴിലാളികൾക്ക് കൂലി കൊടുക്കണമെന്നായപ്പോൾ പല കരാറുകാരും ജോലി നിറുത്തിവച്ചു.