
തിരുവനന്തപുരം: മോദി ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികളും ദ്രോഹനടപടികളും ജനമദ്ധ്യത്തിൽ തുറന്നുകാട്ടുക എന്ന ദൗത്യമാണ് ഭാരത് ജോഡോ പദയാത്രയിലൂടെ എ.ഐ.സി.സി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നതെന്ന് എ.ഐ.സി.സി വക്താവ് പള്ളം രാജു പറഞ്ഞു. മതേതര ജനാധിപത്യ ബോധമുള്ള എല്ലാവരെയും യാത്രയിൽ അണിചേരാൻ കോൺഗ്രസ് ക്ഷണിക്കുന്നതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്‌മ, പണപ്പെരുപ്പം ഉൾപ്പെടെ രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ എല്ലാ പ്രശ്നങ്ങളും സംബന്ധിച്ച് ജനങ്ങളുമായി രാഹുൽ ഗാന്ധി സംവാദം നടത്തും. മോഹനവാഗ്ദാനം നൽകി അധികാരത്തിലേറിയ മോദി ഭരണകൂടം ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നാളുകളാണ് ജനങ്ങൾക്ക് സമ്മാനിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബി.ജെ.പി സർക്കാർ തകർത്തു. സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ ദുരിതത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ കോർപ്പറേറ്റ് ചങ്ങാതിമാർക്ക് തീറെഴുതി.
മോദി ഭരണകൂടം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നു. ജനകീയ വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയാകുന്നില്ല. കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് പ്രതിപക്ഷനേതാക്കളെ വേട്ടയാടുന്നു. ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കക്കാരുടെയും അടിസ്ഥാനഅവകാശങ്ങളും നിഷേധിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കൂടുന്നതിനൊപ്പം ജാതി, മതം, പ്രദേശം, ഭാഷ, ഭക്ഷണം, വസ്ത്രം എന്നിങ്ങനെ സമൂഹത്തെ വിഭജിക്കുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരിക്കുക എന്ന ഗൂഢതന്ത്രമാണ് ബി.ജെ.പിയുടേത്. രാജ്യസുരക്ഷപോലും അപകടത്തിലായ സാഹചര്യമാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രനും പങ്കെടുത്തു.