a

തിരുവനന്തപുരം: 'ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ട്, രണ്ടാഴ്ച നിന്നിട്ടേ തിരികെ പോകൂ..' രണ്ടാഴ്ച മുമ്പ് അമല തന്റെ കുഞ്ഞമ്മ ജയയെ ഫോണിൽ വിളിച്ച് പറഞ്ഞതിങ്ങനെ. എന്നാൽ, അമല ഇന്നലെ രാത്രി വീട്ടിലെത്തി, ചേതനയറ്റ് മടക്കമില്ലാത്ത യാത്രയ്ക്കായി. ജയ ഒരിക്കലും കരുതിയില്ല അത് 'മൈന'യുമായുള്ള (അമലയുടെ വിളിപ്പേര്) അവസാന സംഭാഷണമായിരിക്കുമെന്ന്. ഭർതൃവീട്ടിൽ മകൾ മരിച്ചെന്ന വിവരം അറിഞ്ഞതുമുതൽ കരഞ്ഞു തളർന്ന് കിടക്കുകയാണ് അമ്മ രാജേശ്വരി.

അമല ആത്മഹത്യ ചെയ്തെന്ന് ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് ഭർത്താവ് രഞ്ജിത്തിന്റെ അയൽവാസികൾ അമലയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. രാവിലെ 11.30ന് മരണം സംഭവിച്ചിട്ടും വീട്ടുകാർ അറിഞ്ഞത് വൈകിട്ട്. വിവാഹശേഷം അമല സ്വന്തം വീട്ടിൽ വന്നത് രണ്ടു തവണ മാത്രം. ഒന്ന് വിരുന്നിനും മറ്റൊന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ബന്ധുവിന്റെ വിവാഹത്തിനും. അന്ന് രണ്ടുദിവസം നിന്നിട്ട് പോകാമെന്ന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും രഞ്ജിത്ത് ദേഷ്യപ്പെട്ടതിനെത്തുടർന്ന് അന്നുതന്നെ മടങ്ങി.

ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങളൊന്നും അമല പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് ധരിച്ച 20 പവൻ സ്വർണം ഭർത്താവിന്റെ സഹോദരിയുടെ വിവാഹത്തിനായി അമല നൽകി. സ്ത്രീധനമൊന്നും ചോദിച്ചില്ലെങ്കിലും ലഭിച്ച സ്വർണം കുറഞ്ഞുപോയെന്ന പരാതി ഭർത്താവിനും വീട്ടുകാർക്കും ഉണ്ടായിരുന്നതായി അമലയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

'താലി ഊരി വച്ചിട്ട് പൊയ്ക്കോ..'

പലതവണ കാണാൻ ചെന്നിട്ടും അനുവദിച്ചില്ലെന്നും വീട്ടിൽ പോകണമെങ്കിൽ താലി ഊരി വച്ചിട്ട് പൊയ്ക്കോ എന്നും രഞ്ജിത്ത് അമലയോട് പറഞ്ഞിരുന്നുവെന്ന് കുഞ്ഞമ്മ ജയ പറയുന്നു. രണ്ടുമാസം മുൻപ് പിതാവ് മകളെ കൂട്ടിക്കൊണ്ടുവരാനായി പോയെങ്കിലും വിട്ടില്ലെന്നും ആരോപിച്ചു.