ആറ്റിങ്ങൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റു. വെഞ്ഞാറമൂട് സ്റ്റേഷനിലെ പൊലീസുകാരൻ മണമ്പൂർ സനിൽ നിവാസിൽ ശ്യാമിനാണ് (45) പരിക്കേറ്റത്. ഡ്യൂട്ടിക്ക് ബൈക്കിൽ പോകുമ്പോൾ ഞായറാഴ്ച രാത്രി 10ഓടെ അവനവഞ്ചേരി പൂവണത്തിൻമൂട് ജംഗ്ഷന് സമീപത്ത് വച്ചാണ് പന്നി ബൈക്ക് ഇടിച്ചിട്ട് ആക്രമിച്ചത്. ഈ സമയം അതുവഴി വന്ന മൂന്ന് ബൈക്കുകളും പന്നി ആക്രമിച്ചു. ശ്യാമിന് കൈയ്ക്കും കാലിനും പരിക്കേറ്റ് ചികിത്സയിലാണ്. ഈ പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി വിളകൾ നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.