ആറ്റിങ്ങൽ: തെരുവ് നായയുടെ കടിയേറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചിറ്റാറ്റിൻകര സ്വദേശികളായ പ്രഭാവതി (70)​,​ പൊടിയൻ (58)​,​ ഗോകുൽരാജ് (18)​,​ ലിനു (26)​ എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് 6ഓടെ പ്രഭാവതി അമ്മ വീട്ടുമുറ്റത്ത് കരിയില കൂട്ടിയിട്ട് തീയിടുന്നതിനിടിയിൽ ഓടിയെത്തിയ നായ ചെവിയിലും കൈയിലും കടിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് എത്തിയ സമീപവാസിയായ പൊടിയൻ ഇവയെ ഓടിക്കാനായി വടിയുമായി എത്തിയപ്പോൾ നായ അയാൾക്ക് നേരെ ചാടിവീണ് കാലിൽ കടിക്കുകയും ഓടി പോകുകയും ചെയ്തു. സമീപപ്രദേശത്തെ ഗോകുൽ രാജിനും ലിനുവിനും തിങ്കളാഴ്ചയാണ് പട്ടിയുടെ കടിയേറ്റത്. ഗോകുൽരാജിന്റെ വയറ്റിലും ലിനുവിന്റെ കവിളിലുമാണ് കടിയേറ്റത്. നാല് പേരെയും കടിച്ചത് ഒരു പട്ടി തന്നെയാണെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ആറ്റിങ്ങൽ പാലമൂട്ടിൽ നാല് പേർക്കും തെരുവ് നായയുടെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.