തിരുവനന്തപുരം: ഓണാഘോഷത്തിൽ മുഴുവൻ സമയം പങ്കെടുക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ ഓണസദ്യ മാലിന്യക്കുഴിയിൽ തള്ളിയ സംഭവത്തിൽ 11 പേർക്കെതിരെ നടപടി. നഗരസഭ ചാല സർക്കിളിലെ നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനും ഏഴ് ശുചീകരണ തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യാനും അഡിഷണൽ സെക്രട്ടറി ഉത്തരവിട്ടു.
ശുചീകരണ തൊഴിലാളികളായ എ.ശ്രീകണ്ഠൻ,സന്തോഷ്,സുജാത,ജയകുമാരി,വിനോദ് കുമാർ,രാജേഷ്,ബിനുകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ ശനിയാഴ്ച ഓണാഘോഷത്തിനെത്തിയപ്പോൾ ജോലിചെയ്യാൻ നിർദ്ദേശിച്ചെന്നാരോപിച്ചാണ് ഒരുവിഭാഗം ജീവനക്കാർ പ്രതിഷേധിച്ചത്. തുടർന്ന് ചോറും കറികളും മാലിന്യത്തിനൊപ്പം തള്ളുകയായിരുന്നു.
സദ്യകളഞ്ഞ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമുണ്ടായി. തുടർന്ന് നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ ചാല സർക്കിളിലെ എച്ച്.ഐയോട് ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. മേയറുടെ ഓഫീസിലും സെക്രട്ടറിക്കും അഡിഷണൽ സെക്രട്ടറിക്കും ചെയർപേഴ്സൺ റിപ്പോർട്ട് കൈമാറി. എച്ച്.ഐയുടെ അന്വേഷണ റിപ്പോർട്ടിലും സെക്രട്ടറിതല അന്വേഷണത്തിലും ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്. ആഹാര സാധനങ്ങൾ മാലിന്യത്തിൽ വലിച്ചെറിഞ്ഞത് നിന്ദ്യവും ഗുരുതര അച്ചടക്ക ലംഘനവുമാണെന്നും നഗരസഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ തടസം സൃഷ്ടിക്കുമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു.
പ്രശ്‌നത്തിന് കാരണം
ചേരിപ്പോര്
യൂണിയൻ പ്രവർത്തകർ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് വിവരം. ചാല സർക്കിളിൽ ഭരണപക്ഷ അനുകൂല യൂണിയന് രണ്ട് വിഭാഗമുണ്ട്. അതിലൊരു വിഭാഗമാണ് ആഘോഷം സംഘടിപ്പിച്ചത്. സർക്കിളിലെ ഒരു പ്യൂണിനെ മാറ്റിയതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളുടെ തുടർച്ചയാണ് ശനിയാഴ്ചത്തെ സംഭവമെന്നാണ് സൂചന. എതിർവിഭാഗത്തിൽപ്പെട്ടവർ പങ്കെടുക്കാനെത്തിയത് ആഘോഷം നടത്തിയവരെ പ്രകോപിപ്പിച്ചു. തുടർന്ന് ജോലി നിറുത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കങ്ങൾക്കൊടുവിലാണ് സദ്യ കളഞ്ഞത്.