rain

 ഉരുൾപൊട്ടലിനും സാദ്ധ്യത

തിരുവനന്തപുരം:സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഇന്ന് മുതൽ മൂന്ന് ദിവസം അതി തീവ്ര മഴയ്ക്കും,മറ്റിടങ്ങളിൽ കനത്ത മഴയ്ക്കും സാദ്ധ്യത. മദ്ധ്യ വടക്കൻ ജില്ലകളിൽ അഞ്ച് ദിവസം കൂടി അതിശക്ത മഴ ലഭിച്ചേക്കും.കോമറിൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതിന്റെയും സാഹചര്യത്തിലാണിത്. ഓണ നാളുകളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ലഘുമേഘ വിസ്ഫോടന സാദ്ധ്യതയും നില നിൽക്കുന്നുണ്ട്.കാലവർഷമാണ് ഇപ്പോൾ പെയ്യുന്നതെങ്കിലും തുലാവർഷ മഴയുടെ സാമ്യതയുണ്ട്. മഴ മേഘങ്ങൾ സാധാരണ രീതിയിൽ നിന്ന് ഉയർന്ന് കാണുന്നത് മേഘ വിസ്ഫോടനത്തിന്റെ സൂചനയായി കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. .

ചെറിയ സമയത്ത് വലിയ അളവിൽ പെയ്യുന്ന മഴയിൽ മിന്നൽ പ്രളയത്തിന് സാദ്ധ്യത കൂടുതലാണ്..

മലയോര മേഖലകളിൽ അപ്രതീക്ഷിത ഉരുൾപ്പൊട്ടലിന് സാദ്ധ്യതയുണ്ട്.പാലോടും പാലക്കാടും ഉരുൾപ്പൊട്ടിയത് ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ മാസങ്ങളിലെ കാലവർഷ മഴയിൽ സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങി. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദ്ദം വർദ്ധിച്ചു.ഈ സാഹചര്യത്തിലാണ് ഉരുൾപൊട്ടലുകൾ .22 ഡിഗ്രിക്കു മുകളിൽ ചരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലിന് സാദ്ധ്യത കൂടുതൽ.കേരള തീരത്ത് ശക്തമായ കാറ്റ്,​കടലാക്രമണം എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനം പാടില്ല.

ഇന്നത്തെ

അലർട്ടുകൾ

#റെഡ് അലർട്ട് - തിരുവനന്തപുരം,​കൊല്ലം,​പത്തനംതിട്ട,​ഇടുക്കി

( അതിതീവ്രമഴ,കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ)

#ഓറഞ്ച് അലർട്ട്-ആലപ്പുഴ,​കോട്ടയം,​എറണാകുളം.

( ശക്തമായ മഴ)

#യെല്ലോ അലർട്ട്-തൃശൂർ,​പാലക്കാട്,​മലപ്പുറം,​കോഴിക്കോട്,​വയനാട്,​കാസർകോട്,​കണ്ണൂർ

( ഒറ്റപ്പെട്ട മഴ)