തിരുവനന്തപുരം: കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുള്ള ഭവനസമുച്ചയ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അതിന്റെ മേൽനോട്ടം ചീഫ് സെക്രട്ടറിതല സമിതി നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യഘട്ട ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഫ്ളാറ്റുകൾ നിർമ്മിക്കാനുള്ള സ്ഥലം കണ്ടെത്തി ഉടൻ ഏറ്റെടുക്കും. 343 ഫ്ളാറ്റുകൾ മത്സ്യത്തൊഴിലാളികൾക്കായി ഇതിനകം നിർമ്മിച്ചു. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് നൽകിയത്. പ്രതിസന്ധികളിൽ മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം സമരത്തെ തുടർന്ന് നടത്തിയ മന്ത്രിതല ചർച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം. മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആന്റണി രാജു, ജി.ആർ. അനിൽ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, ഫിഷറീസ് സെക്രട്ടറി കെ.എസ്. ശ്രീനിവാസൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ പങ്കെടുത്തു.