പാറശാല: പ്ലാമൂട്ടുക്കട സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്ലാമൂട്ടുക്കടയുടെ ഗ്രാമോത്സവത്തിന് തുടക്കമായി. കെ.ആൻസലൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന മികച്ച സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുൺ ഗ്രാമോത്സവം ഉദ്‌ഘാടനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള പ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത പ്രശസ്ത കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. സൂര്യ കൃഷ്ണമൂർത്തി, ഷാജി എൻ. കരുൺ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മികച്ച പിന്നണി ഗായകൻ സുധീപ്കുമാർ, മാദ്ധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ എന്നിവർക്ക് കെ. ആൻസലൻ എം.എൽ.എ ഗ്രാമോത്സവത്തിന്റെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുന്ന ശ്രേഷ്ഠ മാനവ സദസ് ഇന്ന് വൈകിട്ട് 5 ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. സിനിമാ സീരിയൽ താരം കിഷോർ മുഖ്യാതിഥിയായിരിക്കും. 7ന് വൈകിട്ട് 5ന് നടക്കുന്ന ഓണസമിതി സംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വികലാംഗ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയാ ഡാലി പങ്കെടുക്കും. തിരുവോണ നാളിൽ വൈകിട്ട് 5ന് നർമ്മ വേദി, 6ന് സംഗീത സായാഹ്നം എന്നിവയും ഉണ്ടായിരിക്കും.