തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവർഷം കൊവിഡിൽ കുരുങ്ങിയ ഓണത്തിന്റെ കുറവ് തീർത്ത് ഇക്കുറി ആഘോഷം പൊടിപൊടിക്കുമ്പോൾ മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. തിരുവോണത്തിന് സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങാനും പുതുവസ്ത്രമെടുക്കാനുമുള്ള അവസാന ദിനം. അതിന്റെ തിരക്ക് നഗരങ്ങളിലെങ്ങും പ്രകടം. മിക്ക കച്ചവട കേന്ദ്രങ്ങളിലും തിരക്കിന്റെ പൊടിപൂരം. പച്ചക്കറി വില്പനയാണ് ഇന്ന് ഏറ്റവുമധികം ഉഷാറാവുക. വാഴയില മുതൽ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. പൂക്കടകളിലും തിരക്കോട് തിരക്ക്.

ഇടയ്ക്കിടെ വില്ലൻ ഭാവത്തിൽ മഴയെത്തുന്നുണ്ടെങ്കിലും അതൊന്നും ഓണപ്പൊലിമയെ ബാധിച്ചിട്ടില്ല. വസ്ത്രശാലകളിലും സ്വർണക്കടകളിലും ഗൃഹോപകരണ വില്പന കേന്ദ്രങ്ങളിലും വൻ തിരക്കാണ്. മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും ജനം ഒഴുകിയെത്തുന്നു. ഓണസദ്യ പാഴ്സലായി വീട്ടിലെത്തിക്കുന്ന ഹോട്ടലുകളിൽ ബുക്കിംഗ് ഏതാണ്ട് പൂർത്തിയായി. നാളെ ഉച്ചയോടെ അവയെല്ലാം വീടുകളിലെത്തിക്കാനുള്ള തിരക്കിലാണ് ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും.

തിരുവനന്തപുരം നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും ഓണക്കച്ചവടം തകൃതി. നഗരങ്ങളെല്ലാം തിരക്കിലമർന്നു. വാഹനത്തിരക്ക് നിയന്ത്രിക്കാൻ പ്രധാന നിരത്തുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.