photo1

നെടുമങ്ങാട്: നഗരത്തിൽ അപ്രതീക്ഷിതമായി പുലിയെ കണ്ട പുതുതലമുറ തെല്ലൊന്ന് അമ്പരന്നു. ഓണത്തിരക്കിനിടയിൽ ചെണ്ടകളുടെ വന്യതാളത്തിൽ ഗർജിക്കുന്ന പുലിമുഖങ്ങൾ കുംഭകളിളക്കി നഗരം ചുറ്റിയതോടെ നെടുമങ്ങാടിന്റെ ഓണം വാരാഘോഷത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിന്റെയും നെടുമങ്ങാട് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. തൃശൂർ സ്വദേശി സതീഷ് നെടുമ്പരയുടെ നേതൃത്വത്തിലുള്ള സൂപ്പർ സ്റ്റാർസ് പുലികളി സംഘമാണ് നഗരത്തെ ഓണതിമർപ്പിന് ഹരം പകരാൻ എത്തിയത്. പരമ്പരാഗത രീതിയിൽ ഓണക്കാലത്ത് തൃശ്ശൂരിൽ കളിക്കാനിറങ്ങുന്ന സൂപ്പർ സ്റ്റാർ പദവിയിലുള്ള പുലികളെയാണ് ഇത്തവണ ഓണാഘോഷത്തിന് എത്തിക്കുന്നത്. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അത്തപൂക്കളമത്സരത്തിൽ 30ലധികം ടീമുകൾ പങ്കെടുത്തു. നെടുമങ്ങാട് ഐ.സി.ഡി.എസ് ജീവനക്കാർ ഒന്നാം സമ്മാനവും താലൂക്ക് ഓഫീസ് ജീവനക്കാർ രണ്ടാംസമ്മാനവും നേടി. നഗരത്തിൽ ഒരുക്കിയിരിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന് മിഴി തുറന്നു. ഇന്ന് വൈകിട്ട് 4.30ന് ചെണ്ടമേളം, 5.30ന് മാജിക് ഷോ, 7ന് സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയാവും. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വിസി അഭിലാഷ്, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ

സി.എസ്. ശ്രീജ, നെടുമങ്ങാട് ആർ.ഡി.ഓ കെ.പി ജയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.ഐ ഏരിയാ സെക്രട്ടറി ആർ. ജയദേവൻ തുടങ്ങിയവർ പങ്കെടുക്കും. 8ന് വൈകിട്ട് 4.30ന് കളരിപ്പയറ്റ്, 5.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. 7ന് ഗാനമേള.9ന് വൈകിട്ട് 4.30ന് ചെണ്ടമേളം, 5.30ന് ഫ്യൂഷൻ മ്യൂസിക്, 6.30ന് ഗാനമേള.10ന് വൈകിട്ട് 5.30ന് വയലിൻ ഫ്യൂഷൻ, 7ന് ശിങ്കാരിമേളം. 8ന് മെഗാഷോ, 11ന് വൈകുന്നേരം 5.30ന് കഥാപ്രസംഗം, 7ന് ഗാനമേള.