
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് സമഗ്രശിക്ഷാ കേരളം. ഭിന്നശേഷികുട്ടികളുടെ വീടുകൾ തേടി അവർ പഠിക്കുന്ന സ്കൂളിലെ സഹപാഠികളും ടീച്ചർമാരും ഓണസമ്മാനവുമായി എത്തുന്ന ഓണച്ചങ്ങാതിമാർ എന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചത്.നേമം ശാന്തിവിള യു.പി.എസിലെ മൂന്നാം ക്ളാസുകാരൻ കൈലാസ്‌നാഥിന്റെ വീട്ടിലെത്തി വീൽചെയർ സമ്മാനിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം എസ്.എസ്.കെ ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ നിർവഹിച്ചത്. മസ്‌കുലർ ഡിസ്‌ട്രോഫി രോഗബാധിതനായി വീട്ടിൽ പഠനം തുടരുന്ന കൈലാസിനായി കൂട്ടുകാരായ ഓണച്ചങ്ങാതിമാർ പാട്ട് പാടി ഡാൻസ് കളിച്ച് സമ്മാനങ്ങളും നൽകി. ശാന്തിവിള യു.പി.എസിലെ ഹെഡ്മിസ്ട്രസിനും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം കൗൺസിലർ എം.ആർ.ഗോപൻ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷീജ എസ്.വൈ, ഡി.ഡി.ഇ വാസുസി.കെ, ഡി.പി.സി ജവാദ്, പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി., മീഡിയ ഓഫീസർ അഭിലാഷ് തട്ടത്തുമല തുടങ്ങിയവരും പങ്കെടുത്തു. പൂർണമായും കിടപ്പിലായതോ, സ്‌കൂളിൽ നേരിട്ടെത്തി വിദ്യാഭ്യാസം നേടാൻ കഴിയാത്തതോ ആയ ഭിന്നശേഷി കുട്ടികളുടെ വീടുകളിലേക്കാണ് സമഗ്രശിക്ഷാകേരളയുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും ബി.ആർ.സി തലത്തിലും ഓണാഘോഷങ്ങളുടെ ഭാഗമായി 'ഓണച്ചങ്ങാതിമാർ' എത്തുന്നത്.