general

ബാലരാമപുരം:ശാസ്ത്ര സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിൽ കൂടുതൽ മാറ്റം വരുത്തണമെന്ന് അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു. ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിൽ നടത്തിയ സംയോജിത കൃഷിയുടെ ഓണക്കാല വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സ്പിന്നിംഗ് മിൽ വളപ്പിലെ അഞ്ചര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. ജൈവക്കൃഷിരീതിയിലൂടെ തക്കാളി,വെണ്ട,പച്ചമുളക്,ചീര,കോവക്ക,വളളിപയർ,കറിവേപ്പില,മല്ലിയില എന്നിവയും വിവിധ തരം വാഴകുലകളുമാണ് കൃഷി ചെയ്തത്.1500 മുട്ടക്കോഴികൾ,50 ആടുകൾ,വെച്ചൂർ പശു ഉൾപ്പെടെ 80 പശുകൾ, മത്സ്യകൃഷി എന്നിവയുമുണ്ട്. ഉത്പന്നങ്ങൾ ബാങ്കിന്റെ കോ-ഓപ് മാർട്ടിലൂടെയാണ് വിപണനം നടത്തുന്നത്.ഫാമിൽ നിന്ന് ദിവസേന മൂന്നൂറ് ലിറ്ററിലധികം പാലാണ് സംഘം നേരിട്ട് കോ-ഓപ്പ്മാർട്ട് വഴി വിൽക്കുന്നത്. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. എം.ബഷീർ,സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണിതോമസ്,ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക,നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ചന്തു,ബാലരാമപുരം കബീർ,എം. ബാബുജാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.ജാഫർഖാൻ നന്ദി പറഞ്ഞു. സംയോജിത കൃഷിയിലെ ജീവനക്കാർക്ക് ബോണസും ഓണക്കോടിയും ഭക്ഷ്യ കിറ്റും വിതരണം ചെയ്തു.