വിതുര: മലയോരമേഖലയിൽ തിമിർത്തുപെയ്ത പേമാരി വിതച്ചത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പൊൻമുടി, ബോണക്കാട്, പേപ്പാറ വനമേഖലകളിലാണ് മഴ കോരിച്ചൊരിഞ്ഞത്. ഒരാഴ്ചയായി മലയോരമേഖലയിൽ മഴയുടെ താണ്ഡവമാണ്. നാട്ടിൻപുറങ്ങളെ അപേക്ഷിച്ച് വനമേഖലയിലാണ് കൂടുതൽ മഴ പെയ്തിറങ്ങിയത്. പൊൻമുടി, ബോണക്കാട്, പേപ്പാറ വനാന്തരങ്ങളിൽ നിന്നും അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് നദികൾ നിറഞ്ഞ് ഗതി മാറിഒഴുകുകയും ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോവുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങുകയും നിരവധി വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. വാമനപുരം നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഭീതിയുടെ നിഴലിലാണ്. ഒാണവിപണി ലക്ഷ്യമിട്ട് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നടത്തിയിരുന്ന വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും വെള്ളം കയറി വ്യാപകമായി നശിച്ചു. കർഷകർക്ക് കനത്തനഷ്ടമുണ്ട്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാന പാത വെള്ളത്തിൽ മുങ്ങുകയും ചിലയിടങ്ങളിൽ റോഡിന് കേടുപാടുണ്ടാകുകയും ചെയ്തിട്ടുണ്ട്. രണ്ട് കോടിയിൽ പരം രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമികകണക്കുകൾ സൂചിപ്പിക്കുന്നത്. കർഷകർ പഞ്ചായത്തിലും വില്ലേജ് ഒാഫീസിലും പരാതി നൽകിയിട്ടുണ്ട്.
പൊൻമുടി റോഡ് തകർന്നു, ബസ് സർവീസ് നിറുത്തി
കനത്തമഴയെ തുടർന്ന് പൊൻമുടി റോഡ് തകർന്നു. പൊൻമുടി പതിനൊന്നാംവളവിന് സമീപത്ത് റോഡിന്റെ ഒരു വശം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മലവെള്ളച്ചാച്ചിലിൽ ഇടിഞ്ഞുതാഴുകയായിരുന്നു. ഇതോടെ പൊൻമുടി റൂട്ടിൽ ബസ് സർവീസ് നിറുത്തിവച്ചിരിക്കുകയാണ്. പൊൻമുടിയിൽ ഇന്നലെയും മഴ കനത്തു. നേരത്തെ മഴയത്ത് കല്ലാർ ഗോൾഗൻവാലിക്ക് സമീപം റോഡിന്റെ ഒരു വശം മഴയത്ത് ഇടിഞ്ഞ് താഴ്ന്നിരുന്നു. ഇതോടെ ഗതാഗതം നിറുത്തിവച്ചു. ഇവിടെ ഇപ്പോഴും പണി നടക്കുകയാണ്.
നഷ്ടങ്ങൾ മാത്രം
കനത്തമഴയെ തുടർന്ന് പൊൻമുടി റോഡിൽ നാലിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വനമേഖലയിൽ അനവധി മരങ്ങൾ കടപുഴകി വീണു. പാറകളും മരങ്ങളും മലവെള്ളപ്പാച്ചിലിൽ കല്ലാറിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. മലയോരമേഖലയിൽ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടുപേരുടെ ജീവനും നഷ്ടപ്പെട്ടു. ഒഴുക്കിൽപ്പെട്ട നിരവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. ആദിവാസി മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.