ആര്യനാട്: എസ്.എൻ.ഡി.പി യോഗം ആര്യനാട് വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യ രജതജൂബിലി യൂണിയനിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിയന് കീഴിലെ 30 ശാഖകളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. ഗുരുമന്ദിരങ്ങിൽ പ്രത്യേക പൂജകൾ,വിവിധ കലാ-കായിക മത്സരങ്ങൾ,ഗുരുപൂജകൾ,ഗുരുദേവ കീർത്തനാലാപനം,ആദരിക്കൽ,ഘോഷയാത്രകൾ,ചതയദിന സദ്യകൾ,തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ഇക്കുറി ശാഖകളിൽ നടക്കുന്നത്.
കോട്ടയ്ക്കകം,പരുത്തിപ്പള്ളി,കൊറ്റംപള്ളി,പറണ്ടോട് ശാഖകളിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.ഗുരുദേവ വിഗ്രഹത്തോട് കൂടിയുള്ള ഘോഷയാത്രകൾ ഗ്രാമീണ മേഖലയെ ഭക്തിനിർഭരമാക്കും. വിവിധ ശാഖകളിൽ നടക്കുന്ന സാംസ്ക്കാരിുക പരിപാടികളിൽ അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ,പൗര പ്രമുഖർ, മത പണ്ഡിതന്മാർ, ആര്യനാട് യൂണിയൻ ഭാരവാഹികൾ,യൂണിയൻ വനിതാസംഘം - യൂത്ത്മൂവിമെന്റ് ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റംഗങ്ങൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് യൂണിയൻ പ്രസിഡന്റ് വീരണകാവ് സുരേന്ദ്രനും സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രനും അറിയിച്ചു.