
നെടുമങ്ങാട്: തിരുവോണദിവസം വിരുന്നെത്തുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം മലയോരത്ത് പൂർത്തിയായി. മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമിടുന്ന പരമ്പരാഗത ശൈലി ഏറെക്കാലത്തിനു ശേഷം ഇത്തവണ മടങ്ങിയെത്തിയതാണ് ഏറെ ശ്രദ്ധേയം. അത്തംനാള്‍ മുതൽ തുടങ്ങിയ പൂക്കളം ഒരുക്കൽ ഉത്രാട നാളിൽ പരമാവധി വലിപ്പത്തിൽ ഒരുക്കി. മലയാളികളുടെ ദേശീയോത്സവത്തിന് പൈതൃകനഗരിയായ നെടുമങ്ങാട്ട് ചില ചിട്ടവട്ടങ്ങളുണ്ട്. പൂക്കളവും സദ്യയും ഒരുക്കുന്നതിൽ തുടങ്ങി ആഘോഷത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു തനിനാടൻ നെടുമങ്ങാടൻ ഉത്സവം.ഒപ്പം മാറ്റ്കൂട്ടാൻ ഓണക്കളികളും. മുൻ കാലങ്ങളെ അപേക്ഷിച്ച് സാംസ്‌കാരിക സംഘടനകൾ ഇക്കുറി ഉത്സവ പരിപാടികളുടെ നടത്തിപ്പിൽ പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്.
ഉദ്ഘാടന ദിവസം മാറ്റിവച്ച സാംസ്‌കാരിക ഘോഷയാത്ര ഉത്രാട ദിനത്തിൽ നടന്നു. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം, പഞ്ചവാദ്യം, മുത്തുക്കുട, കേരളീയ വേഷം ധരിച്ച വനിതകൾ,സ്കൂൾ വിദ്യാർത്ഥികൾ, എൻ.സി.സി - എൻ.എസ്.എസ്,എസ്.പി.സി, സ്കൗട്ട് വോളന്റിയർമാർ, കോളേജ് വിദ്യാർത്ഥികൾ,വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, ആശ - അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ അണിനിരന്നു.
സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി.സി. അഭിലാഷ്, നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നെടുമങ്ങാട് ആർ.ഡി.ഓ കെ.പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കളരിപ്പയറ്റും നാടൻ പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറി.11 ന് വൈകുന്നേരം 7ന് ഗാനമേളയോടെ ഇത്തവണത്തെ ഓണം വാരാഘോഷത്തിന് തിരശീല വീഴും.
കുമ്മിയാട്ടവും തിരുവാതിരയും
നെടുമങ്ങാടിന്റെ സാംസ്‌കാരിക മുഖമുദ്രയായ കോയിക്കൽ കൊട്ടാരത്തിൽ പരമ്പരാഗതമായി നടത്തിപ്പോന്നിരുന്ന കുമ്മിയാട്ടവും തിരുവാതിരയും ഇത്തവണയും അരങ്ങേറും. മലഞ്ചരക്ക് വിഭവങ്ങളുടെ ഉത്പാദനത്തിന് പേരുകേട്ട മലയോര താലൂക്കിൽ പ്രകൃതിക്ഷോഭം നിമിത്തം ഇക്കുറി നാടൻ വിഭവങ്ങൾക്ക് പഞ്ഞമനുഭവപ്പെട്ടു. വരവ് പച്ചക്കറി വിഭവങ്ങളാണ് വിപണിയിൽ കൂടുതലായി ലഭിച്ചത്.
തിരക്കേറി
വസ്ത്ര വ്യാപാര ശാലകളിലും സ്വർണാഭരണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും നല്ല തിരക്കായിരുന്നു.
വഴിയോരക്കച്ചവടം പൊടിപൊടിച്ചു.
സത്രമുക്ക്,കല്ലിങ്ങൽ,ബാങ്ക്മുക്ക് , കച്ചേരിനട, ബസ് സ്റ്റാൻഡ് റോഡ്, ചന്തമുക്ക്, ആശുപത്രി റോഡ് എന്നിവിടങ്ങളിൽ കാല് കുത്താൻ ഇടമില്ല.
വെഞ്ഞാറമൂട്, പാലോട്,വിതുര,ആര്യനാട്, അരുവിക്കര,വട്ടപ്പാറ എന്നിവിടങ്ങളിലും ഓണക്കച്ചവടം തകർത്തു.
ഓണത്തിരക്കിനിടയിൽ അപ്രതീക്ഷിതമായി കുംഭകുലുക്കി എത്തിയ പുലികളി സംഘങ്ങൾ നെടുമങ്ങാട് നഗരത്തിന് ഇത്തവണ പുതിയ കാഴ്ചയായിരുന്നു. ചെണ്ടകളുടെ വന്യതാളത്തിൽ ഗർജിക്കുന്ന പുലിമുഖങ്ങൾ പുതുതലമുറയ്ക്ക് ആവേശമായി. ഓണം വാരാഘോഷത്തിന്റെ വരവറിയിച്ച് സംസ്ഥാന സർക്കാരിന്റെയും നെടുമങ്ങാട് നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് പുലികളി സംഘങ്ങൾ നാടുണർത്തിയത്. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ വർഷങ്ങളായി പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സൂപ്പർ സ്റ്റാർസ് പുലികളി സംഘമാണ് നഗരത്തെ ഓണത്തിമിർപ്പിൽ ആറാടിച്ചത്. പൂക്കളത്തിനും ഓണസദ്യയ്ക്കുമൊപ്പം ഓണത്തിന്റെ മധുര സ്മൃതികളിൽ ചേർത്തു വയ്ക്കുന്ന പുലി കളിയും അങ്ങനെ നെടുമങ്ങാട് നിവാസികൾക്ക് ഈ ഓണത്തിന് സ്വന്തമായി.