
തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്തുമ്പോഴാണ് വിദ്യാഭ്യാസം മൂല്യവത്താകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേരളീയത്തിന്റെ വിദ്യാഭ്യാസ സംരംഭമായ വിദ്യാജ്യോതി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ബാബു സ്റ്റീഫന് സ്വീകരണവും നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.ബാബു
സ്റ്റീഫനെ ഗവർണർ ഉപഹാരം നൽകി ആദരിച്ചു.
വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിച്ചുകൂടാനാകാത്ത കാലഘട്ടമാണിതെന്ന്
പദ്ധതി പരിചയപ്പെടുത്തിയ മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ പറഞ്ഞു. പ്രതിസന്ധി കാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് ഡിജിറ്റൽ ഡിവൈസുകൾ ആവശ്യമായി വന്നപ്പോൾ ടാബുകളും മറ്റും നൽകാൻ കേരളീയത്തിനായെന്നും അദ്ദേഹം പറഞ്ഞു.
കേരളീയം ചെയർമാനും രാജ്യസഭാംഗവുമായ പി.വി.അബ്ദുൾ വഹാബ് അദ്ധ്യക്ഷനായി. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജ്മോഹൻ, ഇന്റർനാഷണൽ ലെയ്‌സൺ സെക്രട്ടറി ലാലു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഫൊക്കാനയുടെ ഉപഹാരമായി സ്റ്റാച്യു ഒഫ് ലിബർട്ടിയുടെ മിനിയേച്ചർ ശിൽപം സെക്രട്ടറി ഡോ. കല ഷാഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാനയുടെ ആദ്യത്തെ ട്രഷറർ തോമസ് തോമസ് എന്നിവർ ചേർന്ന് ഗവർണർക്ക് സമ്മാനിച്ചു. 100 ആദിവാസി വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റ് നൽകുന്നതിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ആദിവാസി വിദ്യാർത്ഥികൾക്ക് ജോലി സാദ്ധ്യതയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.