തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമേറ്റെടുത്താണ് രാഹുൽഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എട്ട് വർഷത്തിനിടെ അതിദയനീയ സ്ഥിതിയിലാണ് രാജ്യമെത്തിച്ചേർന്നിരിക്കുന്നത്. എല്ലാ മേഖലയിലും ഇന്ത്യ വൻവെല്ലുവിളി നേരിടുന്നു. സാമ്പത്തിക അസമത്വം കൊടികുത്തി വാഴുന്നു.
സമ്പന്നർ കൂടുതൽ സമ്പത്തുണ്ടാക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയുമാണ്. കേന്ദ്രസർക്കാരിന്റെ വികല സാമ്പത്തികനയം രാജ്യത്തെ തകർത്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റത്താൽ ദുരിതത്തിലാണ് ജനം. രാഷ്ട്രീയപ്രതിയോഗികളെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.
യാത്ര കാശ്മീരിലവസാനിക്കുമ്പോൾ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ ദുഷ്പ്രവണതകൾക്കെതിരെ ജനങ്ങളുടെ പോരാട്ടം ശക്തിപ്പെടും. സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടിയ കോൺഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുമ്പോൾ അതിനൊപ്പം ജനം അണിചേരും.