തിരുവനന്തപുരം: കനകക്കുന്നിലെ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ യുവതിയെ അപമാനിച്ച കൈമനം സ്വദേശി ഷെഫീഖ് (28) അറസ്റ്റിൽ. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥിയായെത്തിയ നടൻ ദുൽഖർ സൽമാൻ വേദി വിട്ടപ്പോഴുണ്ടായ തിരക്കിനിടെയാണ് ഷെഫീഖ് യുവതിയെ കടന്നുപിടിച്ചത്.

തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ബലപ്രയോഗം തുടരുകയായിരുന്നു. യുവതി നിലവിളിച്ചതോടെ സംഭവസ്ഥലത്ത് ആൾക്കാർ കൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഫീഖിനെ യുവതി തന്നെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ പൊലീസ് ഇയാളെ പിടികൂടി മ്യൂസിയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷെഫീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ മദ്യപിച്ചിരുന്നതായാണ് സംശയം. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ഉദ്ഘാടനച്ചടങ്ങ് കാണാനെത്തിയെന്നാണ് ഇയാൾ പറയുന്നത്.