swami-sachithananda
സ്വാമി സച്ചിദാനന്ദ

ഇന്ന് ശ്രീനാരായണഗുരുദേവന്റെ 168-ാമത് തിരുഅവതാരദിനം

ഓരോ ജയന്തികൾ കഴിയുമ്പോഴും ഗുരുദേവ ദർശനത്തിന്റെ കാലിക പ്രസക്തിയെ ഓരോ മനീഷികളും ഓർമ്മപ്പെടുത്താറുണ്ട്. മനുഷ്യരെല്ലാം ഒരു ജാതി അതാണ് നമ്മുടെ മതം എന്ന് ഗുരുദേവൻ ഉപദർശനം ചെയ്യുന്നു. ഗുരു അങ്ങനെ പറയുക മാത്രമല്ല അത് ജീവിതത്തിൽ പ്രായോഗികമാക്കി കാണിക്കുകയും ചെയ്തു.

ശാരദാമഠത്തിൽ പ്രതിഷ്ഠ കഴിഞ്ഞപ്പോൾ അവിടെ ശാന്തിക്കാരായി ഗുരുദേവൻ നിയോഗിച്ചത് ദളിത് വിഭാഗത്തിൽപെട്ട കുട്ടികളെയായിരുന്നു. ഇതുകണ്ട് മന്നത്ത് പത്മനാഭൻ എഴുതി 'ഞാൻ ശിവഗിരിയിൽ ചെന്നപ്പോൾ സി. രാജഗോപാലാചാരി അടക്കമുള്ള ബ്രാഹ്മണന്മാർ പുലയക്കുട്ടികളിൽ നിന്നും പ്രസാദം വാങ്ങി പോകുന്നത് കണ്ട് ആശ്ചര്യപ്പെട്ടു." ശിവഗിരിയിൽ വരുന്നവരോടൊക്കെ ഗുരുദേവൻ ചോദിക്കുമായിരുന്നു ശാരദാമഠത്തിൽ പോയി നമ്മുടെ അമ്മയെ കണ്ടുവോ എന്ന്. ശിവഗിരിയുടെ താഴ്വരയിൽ സ്ഥാപിച്ച ശാരദാമഠത്തിൽ ദർശനം നടത്താതെ ആർക്കും മുന്നോട്ട് പോകുവാനാകില്ലല്ലോ.

ഗുരുദേവന്റെ സവിധത്തിൽ ജാതിമതഭേദം കൂടാതെ സർവരും വന്നുചേരും. പുന്നശ്ശേരി നീലകണ്ഠശർമ്മ മുതൽ ടി.ടി. കേശവശാസ്ത്രി വരെ. ജാതിഭേദത്തിന്റെയും തീണ്ടാപ്പാട് പാലിക്കണമെന്നതിന്റെയും അതിർവരമ്പുകളെ എത്ര സമൃദ്ധമായി ഇല്ലാതാക്കാൻ ഗുരുവിന് സാധിച്ചിരുന്നു. ഇന്ന് രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ പരിചിന്തനം ചെയ്യുമ്പോൾ ജാതിഭേദത്തിന്റെയും മതതീവ്രവാദത്തിന്റെയും സ്വാധീനത കൂടുതൽ ശക്തമായിരിക്കുന്നു.

പണ്ട് ജാതിഭേദം വെളിയിലായിരുന്നു എങ്കിൽ ഇപ്പോൾ ജാതിഭൂതം മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിൽ കയറി ശക്തിയായ ഭേദചിന്തകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

അതുപോലെ തന്നെ മതഭേദവും മതപരിവർത്തന ശ്രമങ്ങളും മതത്തിന്റെ പേരിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നു. ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷിക്കുന്ന ഈ വേളയിലെങ്കിലും ആ മഹാത്മാവ് അവതാരകൃത്യ നിർവഹണത്തിന് നാന്ദി കുറിച്ചുകൊണ്ടു നൽകിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന് അനുകമ്പയോടെ പ്രസ്താവിച്ച കാര്യം വിസ്മരിക്കരുത്.

ശ്രീനാരായണഗുരുദേവൻ അനുകമ്പയുടെ ആകാരമായിരുന്നു. മതസിദ്ധാന്തങ്ങളെയും ദാർശനിക ചിന്താധാരകളെയും ആർദ്രമായ അനുകമ്പയിൽ സമന്വയിപ്പിക്കാൻ ഗുരുദേവന് സാധിച്ചിരുന്നു. അതിനായി അവിടുന്ന് അനുകമ്പാദശകം എന്ന കൃതിയും രചിക്കുകയുണ്ടായി. ഗുരുദേവ സൂക്തങ്ങളിൽ 'ഈ ലോകത്തിൽ ആർക്കാണ് അന്യന് അല്പമെങ്കിലും സഹായം ചെയ്യാൻ സാധിക്കാത്തത്" എന്ന് ഗുരുദേവൻ ചോദിക്കുന്നുണ്ട്. പ്രവൃത്തികൊണ്ടും വാക്കു കൊണ്ടും മനസുകൊണ്ടും ഒരാൾക്ക് മറ്റൊരാളെ സഹായിക്കാൻ സാധിക്കും.

ഗുരുദേവൻ സി.വി. കുഞ്ഞുരാമനുമായി നടത്തിയ പ്രശസ്തമായ ഒരു സംവാദമുണ്ട്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടിയാണ് എന്ന പൊതു തത്വത്തിന്റെ വെളിച്ചത്തിൽ നടത്തിയ സംഭാഷണത്തിൽ തൃപ്പാദങ്ങളുടെ വേദാന്തദർശനവും മതദർശനവും കടന്നു വരുന്നുണ്ട്. ബുദ്ധൻ അഹിംസയ്ക്കും ക്രിസ്തു സ്നേഹത്തിനും നബി സാഹോദര്യത്തിനും ഊന്നൽ നൽകിയതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ കാലഘട്ടത്തിന്റെ ആവശ്യകത എന്തെന്ന് ഗുരുദേവൻ ചോദിക്കുന്നുണ്ട്. എന്നിട്ട് ഗുരുതന്നെ ഉത്തരവും നൽകി. ജാതിമതാദി ഭേദചിന്തകളിൽ നിന്നുള്ള മോചനം. ശ്രീബുദ്ധന്റെയും യേശുക്രിസ്തുവിന്റെയും മുഹമ്മദ് നബിയുടെയും ശ്രീശങ്കരാചാര്യരുടെയും പാരമ്പര്യത്തിലവതരിച്ച് ഒരു പ്രത്യേക മതത്തിന്റെ വക്താവാകാതെ എല്ലാം ഒരേ ഒരു അദ്വൈതസത്യത്തിന്റെ സ്ഫുരണമായി ദർശിച്ച് തൃപ്പാദങ്ങൾ ഏകത്വദർശനം ആവിഷ്കരിക്കുന്നു.

168-ാമത് ഗുരുജയന്തി ഗുരുവിന്റെ വിശ്വമാനവിക തത്വദർശനം ഫലവത്താക്കുവാനുളള ആത്മപ്രതിജ്ഞ എടുക്കുവാൻ ഏവരിലും ചെലുത്തുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.