തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാൻ മഴപ്പേടി മാറ്റിവച്ച് ജനം തെരുവിലിറങ്ങിയതോടെ ഉത്രാടപ്പാച്ചിലിൽ തലസ്ഥാനം ജനസമുദ്രമായി. കവടിയാറിൽ തുടങ്ങി വെള്ളായണിയിലേക്കും കോവളത്തേക്കും നീളുന്ന ഓണാഘോഷങ്ങൾ കാണാനും വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുമായി കുടുംബസമേതമാണ് നഗരവാസികളെത്തിയത്.

ചാലയിലും പാളയം മാർക്കറ്റിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടയ്‌ക്കിടെ പെയ്‌ത ചാറ്റൽ മഴയും വാഹനങ്ങളുടെ തിരക്കും കാരണം നിരത്തുകൾ വീർപ്പുമുട്ടി. രാവിലെ മഴ മാറിനിന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷം പെയ്‌ത മഴ ട്രാഫിക് ഡ്യൂട്ടികളിൽ ഏർപ്പെട്ട പൊലീസുകാർക്കും ബുദ്ധിമുട്ടായി. നഗരത്തിലെ വസ്ത്രാലയങ്ങളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കായിരുന്നു. ഗൃഹോപകരണ കടകളിലും തിരക്ക് അനുഭവപ്പെട്ടു. പലചരക്ക് കടകളിലും പച്ചക്കറി കടകളിലും ഓണവിഭവങ്ങൾ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനായി ആളുകൾ തിക്കിത്തിരക്കി.

ഓണം മേളകളുടെ പൂരം

കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ, സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണം മേളകൾ, ഓണം ഖാദി മേള എന്നിവിടങ്ങളെല്ലാം ഉത്രാടദിവസം കൂടുതൽ സജീവമായി. വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിംഗും തകൃതിയായിരുന്നു. ഓർഡറുകൾ കൂടിയതോടെ പല കാറ്ററിംഗ് സർവീസുകാരും ഇന്നലത്തോടെ ബുക്കിംഗ് നിറുത്തി. വിവിധയിടങ്ങളിൽ വഴിയോരങ്ങൾ കേന്ദ്രീകരിച്ചും പായസമേളകൾ ഒരുക്കി.

വിപണിയോണം ഉഷാർ

വസ്‌ത്രങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺ, ചെരുപ്പുകൾ തുടങ്ങി എല്ലാത്തിനും ആകർഷകമായ ഓണം ഓഫറുകൾ ഒരുക്കിയാണ് ഉത്രാടദിവസവും വ്യാപാരികൾ വിപണിയെ ഉഷാറാക്കിയത്. അത്തം മുതൽ ഗൃഹോപകരണങ്ങളുടെ കച്ചവടത്തിലുണ്ടായ വർദ്ധന ഇന്നലെ ടോപ് ഗിയറിലെത്തി.