ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾ ഓണാഘോഷത്തിൽ സദ്യ ഒഴിവാക്കി മിച്ചംപിടിച്ച 5,​000 രൂപയും ഓണകിറ്റും കരുണാലയത്തിലെ ഭിന്നശേഷിക്കാരായ അന്തേവാസികൾക്ക് കൈമാറി. ഓണത്തിന് ജോലിക്ക് പോകേണ്ടി വന്നതിൽ പ്രതിഷേധിച്ച് ഓണസദ്യ ചവറ്റുകുട്ടയിൽ തള്ളിയ നാട്ടിലാണ് വനിത ശുചീകരണ തൊഴിലാളികൾ മാതൃക കാട്ടിയത്. അതിരാവിലെ തന്നെ ജോലിക്കിറങ്ങി നിശ്ചിത സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കിയ ശേഷമാണ് ഇവർ കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടികൾക്കായിഒത്തു ചേർന്നത്. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നേതൃത്വത്തിലാണ് പണവും കിറ്റും കൈമാറിയത്. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, നവകേരളമിഷൻ റിസോഴ്സ് പേഴ്സൺ എൻ. റസീന, ഹരിതകർമ്മസേന അംഗങ്ങൾ, ഗ്രീൻ ടെക്നീഷ്യൻസ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.