village-officer

തിരുവനന്തപുരം: വില്ലേജ് ഓഫീസുകളുടെ വരാന്ത പോലും കാണാതെ സ്ഥാനക്കയറ്റം വഴി വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസീൽദാറും ജൂനിയർ സൂപ്രണ്ടുമൊക്കെയാവുന്ന സൂത്രപ്പണിക്ക് വിലങ്ങിട്ട് റവന്യുവകുപ്പ്. മൂന്ന് വർഷമെങ്കിലും വില്ലേജ് ഓഫീസുകളിൽ സേവനം അനുഷ്ഠിച്ചെങ്കിലേ ഇനിമുതൽ വില്ലേജ് ഓഫീസർ, ഹെഡ് ക്ളാർക്ക്, റവന്യു ഇൻസ്പെക്ടർ തസ്തികകളിലേക്ക് പ്രൊമോഷൻ ലഭിക്കൂ. 2026 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ പ്രൊമോഷനുകൾക്കും ഇത് ബാധകമാവും. രണ്ട് വർഷം വില്ലേജ് ഓഫീസർ, ഹെഡ് ക്ളാർക്ക്, റവന്യൂ ഇൻസ്പെക്ടർ തസ്തികകളിൽ സേവനം നടത്തിയാലേ ഡെപ്യൂട്ടി തഹസീൽദാർ, തഹസീൽദാർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം കിട്ടൂ. 2025 ഏപ്രിൽ ഒന്നു മുതലുള്ള പ്രൊമോഷനുകൾക്കാണ് ഇത് ബാധകമാവുക. റവന്യുവകുപ്പിന്റെ സുപ്രധാനമായ ഉത്തരവാണ് സെപ്തംബർ ആറിന് പുറപ്പെടുവിച്ചത്.

റവന്യുവകുപ്പിന് കീഴിലുള്ള താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, ലാൻഡ് റവന്യു കമ്മീഷണറേറ്റ്, ജില്ലാ കളക്ടറേറ്റ് തുടങ്ങിയ ഓഫീസുകളിൽ എൽ.ഡി ക്ളാർക്കുമാരായി നിയമനം കിട്ടുന്നവരാണ് പിന്നീട് സ്ഥാനക്കയറ്റത്തിലൂടെ സീനിയർ ക്ളാർക്ക് (യു.ഡി.ക്ളാർക്ക്), റവന്യു ഇൻസ്പെക്ടർ, വില്ലേജ് ഓഫീസർ തസ്തികയിലേക്ക് എത്താറുള്ളത്. ഒരു മാസത്തെ ചെയിൻസർവീസ് കോഴ്സും ഡിസ്ട്രിക്റ്റ് ഓഫീസ് മാന്വൽ കോഴ്സും പാസായെങ്കിലേ പ്രൊമോഷന് അർഹതയുണ്ടാവൂ. പലപ്പോഴും ഇങ്ങനെ സ്ഥാനക്കയറ്റം കിട്ടി വില്ലേജ് ഓഫീസറാവുന്നവർക്ക് ആവശ്യമായ ജോലി പരിചയമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. റവന്യുവകുപ്പിന്റെ അടിസ്ഥാന ഘടകമായ വില്ലേജ് ഓഫീസുകളിൽ എത്തുന്നവരുടെ പരിചയക്കുറവ് പലവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങളെ പലപ്പോഴും ബുദ്ധിമുട്ടിക്കാറുമുണ്ട്.

 ഭാരിച്ച ഉത്തരവാദിത്വം

കരംപിരിവ്, ഭൂമി പതിച്ചു നൽകൽ, വസ്തുത രംമാറ്റം, റവന്യുറിക്കവറി, പോക്കുവരവ്, ദുരന്തനിവാരണം, അനധികൃത കൈയേറ്റം കണ്ടെത്തൽ, ദുരിതാശ്വാസ പ്രവർത്തനം, കാലവർഷക്കെടുതി സംബന്ധമായ കണക്കെടുപ്പ് തുടങ്ങി നിരവധി ചുമതലകളാണ് വില്ലേജ് ഓഫീസർമാർ ചെയ്യേണ്ടി വരുന്നത്. വില്ലേജ് ഓഫീസിൽ ജോലി ചെയ്ത് പരിചയമില്ലാതെ ഈ ചുമതലയിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് ഇത്തരം സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയാറില്ല. ഇത് കണക്കിലെടുത്താണ് റവന്യുമന്ത്രി മുൻകൈയെടുത്ത് വില്ലേജ് ഓഫീസ് സേവനം നിർബ്ബന്ധമാക്കാൻ തീരുമാനിച്ചത്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.

 ആകെ വില്ലേജ് ഓഫീസുകൾ- 1666

 ആർ.ഡി.ഒ ഓഫീസുകൾ- 27

 താലൂക്ക് ഓഫീസുകൾ- 78

 സേവന നിലവാരം മെച്ചമാവും

അടിസ്ഥാന റവന്യു പാഠങ്ങൾ മനസിലാക്കാൻ വില്ലേജ് ഓഫീസുകളിൽ പ്രവർത്തിക്കണം. റവന്യു സേവനത്തിന്റെ ഗുണനിലവാരം മെച്ചമാക്കാൻ ഈ മാറ്റം സഹായിക്കും.

- കെ.രാജൻ, റവന്യുവകുപ്പ് മന്ത്രി