renjini

മലയിൻകീഴ്: സഹോദരിയുടെ മകളും ഭ‌ർത്താവും വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ശരീരത്തിൽ കടിച്ച് മുറിവേല്പിച്ചെന്നും യുവതിയുടെ പരാതി. വള്ളക്കടവ് ടോൾ ജംഗ്ഷന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന ആർ. രഞ്ജിനിയാണ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയത്. 5ന് രാത്രിയാണ് സംഭവം.സഹോദരിയുടെ മരുമകന്റെ ബ്രേസ്‌ലെറ്റ് 16,000 രൂപയ്‌ക്ക് രഞ്ജിനി പണയംവച്ചിരുന്നെന്നും പറഞ്ഞ സമയത്തിനുള്ളിൽ എടുത്ത് നൽകാത്തതിനെ തുടർന്ന് അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തിരുന്നെന്നും പരാതിയിൽ പറയുന്നു. പ്രശ്‌നത്തിൽ സഹോദരി ഇടപെട്ടപ്പോൾ രഞ്ജിനിക്ക് സഹോദരി നൽകാനുള്ള 8500 രൂപയും മുക്കാൽപവന്റെ ബ്രേസ്‌ലെറ്റും ഒന്നര ഗ്രാമിന്റെ മോതിരവും തിരിച്ചുചോദിച്ചു. ഇതുസംബന്ധിച്ച് വീണ്ടും തർക്കമുണ്ടായി.

തുടർന്നാണ് ഇക്കഴിഞ്ഞ 5ന് രാത്രി രഞ്ജിനിയുടെ വാടക വീട്ടിലെത്തി ദമ്പതികൾ അസഭ്യം വിളിക്കുകയും ചോദ്യം ചെയ്‌തപ്പോൾ ശരീരത്തിൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്‌തത്. മകനും മകളും തടയാൻ ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചെന്നും സഹോദരിയുടെ മരുമകൻ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. വിളപ്പിൽശാല സി.ഐ.എൻ. സുരേഷ് കുമാർ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് കേസെടുക്കുമെന്ന് സി.ഐ അറിയിച്ചു.