thirachil

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നലെയും വിഫലം. ബോട്ട് ഉടമ വർക്കല ചിലക്കൂർ കൊലിയിൽ കുന്നുവീട്ടിൽ കഹാറിന്റെ മക്കളായ മുഹമ്മദ് മുസ്‌തഫ, മുഹമ്മദ് ഉസ്‌മാൻ, ചിലക്കൂർ കനാൽപുറമ്പോക്ക് വീട്ടിൽ അബ്ദുൾ സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.

ഇവർ പുലിമുട്ടിന് സമീപം കുരുങ്ങിക്കിടക്കുന്ന മത്സ്യബന്ധന വലയിൽ അകപ്പെട്ടേക്കാമെന്ന നിഗമനത്തിൽ വലമാറ്റുന്നതിനുള്ള ശ്രമങ്ങളാണ് ഇന്നലെയും നടന്നത്. രാവിലെ വിഴിഞ്ഞത്തുനിന്ന് വലിയ ക്രെയിൻ കൊണ്ടുവന്നെങ്കിലും അഴിമുഖത്തെ വലകുരുങ്ങിക്കിടക്കുന്ന സ്ഥലത്തെത്തിക്കാനായില്ല. ക്രെയിൻ കടന്നുപോകുന്നതിനായി പാതയും ക്രെയിൻ ലാന്റ് ചെയ്യുന്നതിനുള്ള ബെയ്സ് ഒരുക്കലുമായിരുന്നു പ്രധാന വെല്ലുവിളി. ചെറിയ ക്രെയിൻ ഉപയോഗിച്ച് വഴിയൊരുക്കുകയും പാറപ്പൊടിയും മണലും ഉപയോഗിച്ച് ബെയ്സ് ഒരുക്കുന്നതിനുവേണ്ടിയുള്ള നടപടികളാണ് ഇന്നലെ പ്രധാനമായും നടന്നത്. നേവിയുടെ ഹെലികോപ്ടർ ഇന്നലെയും തെരച്ചിൽ നടത്തിയിരുന്നു.

മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ ഗാർഡ്, തീരദേശ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവരുണ്ടായിരുന്നെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് പെയ്‌ത മഴയും കാറ്റും അഴിമുഖത്ത് കടൽ പ്രക്ഷുബ്ധമായി തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമായി. സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്നതിനുള്ള തെളിവാണ് മത്സ്യത്തൊഴിലാളികളെ മൂന്നുദിവസമായിട്ടും കണ്ടെത്താനാകാത്തതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

ജനങ്ങളുടെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കൂറ്റൻ ക്രെയിൻ അടക്കമുള്ളവ എത്തിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന വി. ജോയി എം.എൽ.എ പറഞ്ഞു. വി. ശശി എം.എൽ.എ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ സഫാ മർവാ എന്ന ബോട്ട് അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ രണ്ടുപേർ മരിച്ചു.