ബാലരാമപുരം:നാൽപ്പത്തിയാറാമത് മഹാത്മാ അയ്യൻകാളി ജലോത്സവം തുടങ്ങി.ആലപ്പുഴ പുന്നമട കായലിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളുടെ മത്സരം,​ കയാക്കിംഗ്,​ കനോയിംഗ് ടീമുകളുടെ ഡിസ് പ്ലേ ,​നിശ്ചല ദൃശ്യങ്ങൾ എന്നിവയോടെ ജലോത്സവം 10 ന് സമാപിക്കും.തിരുവോണദിനമായ ഇന്ന് വൈകിട്ട് 6 ന് കായൽ ബണ്ട് സ്റ്റേജിൽ വിൽപ്പാട്ട്,​ 7 ന് കഥാപ്രസംഗം,​ 9 ന് ഉച്ചക്ക് രണ്ടിന് ജലഘോഷയാത്ര,​വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജലോത്സവ ട്രസ്റ്റ് ചെയർമാൻ ആ‌ർ.മോശ ഉപാദ്ധ്യക്ഷ പ്രസംഗം നടത്തും. മുൻ ടൂറിസം വകുപ്പ് മന്ത്രിയും എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ,​ മുൻ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ,​ ആഘോഷസമിതി സെക്രട്ടറി അഡ്വ.എസ്.സുരേഷ് എന്നിവർ സംസാരിക്കും. ഡോ.ശശി തരൂർ എം.പി,​ മേയർ കുമാരി ആര്യ രാജേന്ദ്രൻ,​ കളക്ടർ ജെറോമിക് ജോർജ്ജ്,​ മുൻ എം.പി സുരേഷ് ഗോപി തുടങ്ങിയവർ മുഖ്യാതിഥികളായെത്തും. 10 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. മെമ്പർ സരിത അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മത്സരവിജയികൾക്കുള്ള സമ്മാനദാനം. ചുണ്ടൻ വള്ളങ്ങളുടെ മത്സരം,​ നാടൻ വള്ളങ്ങളുടെ മത്സരം ഒന്നാം തരം,​ രണ്ടാം തരം,​ മൂന്നാം തരം വള്ളം,​ വനിതാ മത്സര വള്ളം,​ ദീർഘദൂര നീന്തൽ മത്സരം. സീനിയർ വിഭാഗം,​ കാനോയിംഗ്,​ ഡിസ് പ്ലേ എന്നീ കാറ്റഗറികളിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.