തിരുവനന്തപുരം: നഗരസഭ ചാല സർക്കിളിലെ ശുചീകരണ തൊഴിലാളികൾ ഭക്ഷണം കളഞ്ഞ സംഭവത്തിൽ ഏഴുപേരെ സസ്പെൻഡ് ചെയ്തതും നാല് പേരെ പിരിച്ചിവിട്ടതും കൃത്യമായ അന്വേഷണം നടത്താതെയെന്ന്. സംഭവത്തിൽ ശുചീകരണ തൊഴിലാളികളുടെ ഭാഗം കേൾക്കാതെ മേയർ നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. കൃത്യമായ അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുന്നതിന് പകരം ജീവനക്കാരോട് വൈരാഗ്യമുള്ള ഒരു ഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്ത മേയർക്കും അഡിഷണൽ സെക്രട്ടറിക്കുമെതിരെ പ്രതിഷേധമുണ്ട്.

സസ്‌പെൻഷനിലായ ശുചീകരണത്തൊഴിലാളി സന്തോഷ് :
പൂക്കളമിടാൻ ഒരുക്കിയ സ്ഥലത്ത് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വൃത്തികേടാക്കി. ചവറിടുന്നതിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപമാണ് പൂക്കമൊരുക്കിയത്. കസേരകളിയും മറ്റും നടത്താൻ തീരുമാനിച്ചിരുന്നു. ഒന്നും നടത്താനായില്ല.
ഒരു മണിക്കൂർ നേരത്തെയാണ് ആ ദിവസം ജോലിക്ക് കയറിയത്. അഞ്ചുമണിക്ക് ഹാജരാകേണ്ടവർ നാലിനും ഏഴിന് എത്തേണ്ടവർ ആറിനുമെത്തി. സാധാരണ ജോലികളെല്ലാം ഒൻപത് മണിയോടെ തീർത്തു. ഓഫീസിലെത്തിയപ്പോൾ മണ്ണുമാന്തി യന്ത്രവും ടിപ്പറും എത്തിയെന്നറിയിച്ചു. ഓടയിലെ മാലിന്യം കോരുന്നതും മറ്റും അടുത്ത ദിവസത്തേക്ക് മാറ്റാമോ എന്ന് അന്വേഷിച്ചെങ്കിലും സമ്മതിച്ചില്ല. തിരിച്ചെത്തി വസ്ത്രം മാറ്റിയെങ്കിലും സദ്യ കഴിക്കാൻ തോന്നിയില്ല. മാലിന്യം കോരിയിട്ട് വന്ന തങ്ങൾ തൊട്ട ഭക്ഷണം മറ്റാരും കഴിക്കില്ല. അതുകൊണ്ടാണ് കളഞ്ഞത്. ചെയ്തത് തെറ്റാണ്. പക്ഷേ, ആ സമയത്ത് മറ്റൊരു വഴിയുമില്ലായിരുന്നു. സസ്‌പെൻഷൻ ഉത്തരവ് ആരും കൈപ്പറ്റിയിട്ടില്ലെന്ന് സന്തോഷ് പറയുന്നു. അതേസമയം, ഉത്തരവ് പിൻവലിക്കില്ലെന്നും ഭക്ഷണം കളഞ്ഞത് ന്യായീകരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് നഗരസഭ.