തിരുവനന്തപുരം:മഴ മാറി നിന്ന രാവിൽ നിശാഗന്ധിയിൽ സംഗീതം തോരാ മഴയായി. വിനീത് ശ്രീനിവാസന്റെ മാന്ത്രിക ശബ്ദം തലസ്ഥാനത്ത് ഇരട്ടി മധുരമായി പെയ്തിറങ്ങി. നിശാഗന്ധിയിലെ വേദിയിലെത്തിയ വിനീതിനോട് അച്ഛൻ ശ്രീനിവാസന് എങ്ങനെയുണ്ടെന്ന് കുശലാന്വേഷണം നടത്തി കാണികൾ തിരുവനന്തപുരത്തിന്റെ സ്‌നേഹം അറിയിച്ചു. അച്ഛൻ സുഖമായിരിക്കുന്നു, നിങ്ങളുടെ പ്രാർത്ഥന കൂടെവേണമെന്നും താരം മറുപടി നൽകി. തുടർന്ന് അദേഹത്തിന്റെ ശബ്ദവും ഈണവും സദസ് ഏറ്റെടുത്തു. ഓമനപ്പുഴ കടപ്പുറത്തെന്റോമനേ എന്ന ഗാനം വിനീത് പാടിയപ്പോൾ സദസ് ഒന്നടക്കം താളമിട്ടും നൃത്തം ചെയ്തും ഒപ്പം ചേർന്നു. ഒരേ മനസിൽ സംഗീതത്തിൽ ഇഴുകിച്ചേർന്ന ഒരുമയുടെ താളം, ഓണപ്പാട്ടുകളാൽ സൃഷ്ടിക്കപ്പെട്ട ഓണം വൈബിൽ ഓരോ ഗായകരും പാടി മനോഹരമാക്കിയ നിമിഷങ്ങൾ. യുവതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഗാനങ്ങളാൽ നിശാഗന്ധിയിൽ ആരവം തീർത്തു. ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് വിനീത് ശ്രീനിവാസൻ നൈറ്റ്സ് എന്ന സംഗീതനിശ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. ഓണം വാരാഘോഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് 7ന് ശംഖുംമുഖത്ത് ഊരാളിയുടെ സംഗീതപരിപാടിയും,7ന് പൂജപ്പുരയിൽ മാർക്കോസും സംഘത്തിന്റെയും ഗാനമേളയും ഉണ്ടാകും.