vivadavela

മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ റാമോൺ മഗ്‌സാസെ പുരസ്കാരം വാങ്ങുന്നതിനെ പാർട്ടി വിലക്കിയെന്ന വാർത്ത രാഷ്ട്രീയവൃത്തങ്ങളിൽ ഏറെ കൗതുകകരമായ ചർച്ചയ്ക്ക് വഴിയൊരുക്കി. ശൈലജ നേരത്തെ നിയമസഭാംഗമായിരുന്നിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷമുണ്ടായ രണ്ടാംവരവിൽ അവർ കൂത്തുപറമ്പിൽനിന്ന് വിജയിച്ചാണ് 2016ലെ ഒന്നാം പിണറായി മന്ത്രിസഭയിൽ അംഗമായത്. ആരോഗ്യ, കുടുംബക്ഷേമ, സാമൂഹ്യനീതി വകുപ്പുകൾ കൈകാര്യം ചെയ്തു. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മറ്റൊരു മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയാണ്. ശ്രീമതിയുടെ കാലത്ത് നമ്മുടെ പൊതുജനാരോഗ്യരംഗത്ത് കാര്യമായ പ്രവർത്തനങ്ങളുണ്ടായിട്ടുണ്ട്. സർക്കാരാശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടത് അക്കാലത്താണ്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ എന്ന സംവിധാനത്തിലൂടെ ലഭിച്ച ഫണ്ട് ഇത്തരത്തിൽ അവരുടെ കാലത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തി. ഇടയിൽ യു.ഡി.എഫ് അധികാരത്തിലിരുന്നെങ്കിലും ശ്രീമതിയുടെ തുടർച്ചയെന്ന നിലയിൽ ശൈലജയും ആരോഗ്യരംഗത്ത് കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി.

തുടക്കത്തിൽ ബാലാരിഷ്ടതകളുണ്ടായിരുന്നു. വിമർശനങ്ങളുണ്ടായി. അത് ശ്രീമതിയുടെ കാലത്തുമുണ്ടായിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷ വിമർശനമേറ്റ് നൊന്ത് ശ്രീമതി കരയുന്ന അവസ്ഥ പോലുമുണ്ടായി. പകർച്ചവ്യാധി വ്യാപനം കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ടായിരുന്നു അത്. അതിൽനിന്നെല്ലാം മാറി അവർ പൂർവാധികം ഭംഗിയായി കാര്യങ്ങൾ മുന്നോട്ട് നയിച്ചു.

ശൈലജയ്ക്കും തുടക്കത്തിൽ ഭരണപരിചയക്കുറവിന്റെ പോരായ്മകളുണ്ടായിട്ടുണ്ട്. എന്നാൽ കോഴിക്കോട്ട് നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ മന്ത്രി അവിടെ നേരിട്ടെത്തി കാര്യങ്ങൾ കൈകാര്യം ചെയ്ത രീതി പ്രശംസ പിടിച്ചുപറ്റി. കോഴിക്കോട്ട് നിന്നുള്ള മന്ത്രിമാരായ ടി.പി. രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും ആ പ്രവർത്തനങ്ങളിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

നിപ്പ വ്യാപനത്തെ പെട്ടെന്ന് തടഞ്ഞുനിറുത്തുന്നതിൽ വിജയിച്ച കേരള മാതൃക ആഗോളതലത്തിൽ ചർച്ചയായതോടെയാണ് കെ.കെ. ശൈലജയ്ക്ക് കീർത്തി ലഭിച്ച് തുടങ്ങിയത്. പിന്നീട് കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടു. അത് കേരളം കൈകാര്യം ചെയ്ത രീതിയിൽ രണ്ടഭിപ്രായങ്ങളുണ്ടായിട്ടുണ്ടെങ്കിലും തുടക്കത്തിലെ പ്രചാരണമൊക്കെ കേരളം മാതൃകയായി എന്ന തരത്തിലായിരുന്നു.

ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട തൃശൂരിലൊക്കെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ നേരിട്ടെത്തി നേതൃമികവ് കാട്ടിയത് വ്യക്തിപരമായും രാഷ്ട്രീയ നേതാവ് എന്ന നിലയിലും നേട്ടമായിട്ടുണ്ട്. ടീച്ചറമ്മ എന്ന തരത്തിലൊക്കെ അവർ അറിയപ്പെട്ടു തുടങ്ങി. ആരോഗ്യ, സാമൂഹ്യ സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ മന്ത്രിയുടെ ഇമേജ് ബിൽഡിംഗ് എക്സർസൈസിന് ബോധപൂർവമായ ഇടപെടലുകൾ നടത്തിയത് ശൈലജയ്ക്ക് ഗുണകരമായി.

എന്നാൽ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ കേരളം മികച്ച മാതൃകയായിരുന്നോ എന്ന ചോദ്യങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ ഉയർത്താതിരുന്നില്ല. കൊവിഡ് പ്രതിരോധത്തിനൊപ്പം തന്നെ സാമൂഹ്യപരമായ ഇടപെടലുകളിൽ കേരളം മികച്ച പ്രകടനം കാട്ടിയതാണ് കൊവിഡ് തരംഗ കാലത്ത് എടുത്തുപറയേണ്ടിയിരുന്നത്. ഭക്ഷ്യകിറ്റ് വിതരണം, സമൂഹ അടുക്കള സംവിധാനം എന്നിവയെല്ലാം പ്രശംസ പിടിച്ചുപറ്റി. അത് സർക്കാരിന്റെ നേട്ടമായതിനൊപ്പം മുഖ്യമന്ത്രി പിണറായിവിജയന് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ക്യാപ്റ്റൻ പരിവേഷം നേടിക്കൊടുക്കുകയുമുണ്ടായി.

ഇപ്പോൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിലാണ് മഗ്‌സാസെ പുരസ്കാരത്തിലേക്ക് ശൈലജയുടെ പേര് പരിഗണിക്കപ്പെട്ടത്. അത് സി.പി.എം നേതൃത്വം ഇടപെട്ട് നിരസിച്ചതിനെ ചൊല്ലിയാണ് ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

റാമോൺ മഗ്‌സാസെയും

കമ്മ്യൂണിസ്റ്റുകാരും

റിപ്പബ്ലിക് ഒഫ് ഫിലിപ്പീൻസിന്റെ മൂന്നാമത്തെ ഭരണാധികാരിയായിരുന്നു റാമോൺ ഡെൽഫിറോ മഗ്സാസെ. 1953 ഡിസംബർ 30ന് അധികാരമേറിയ അദ്ദേഹം 57ൽ വിമാനാപകടത്തിൽ മരിക്കുന്നത് വരെ ഫിലിപ്പീൻസിന്റെ ഭരണാധികാരിയായിരുന്നു. ഫിലിപ്പീൻസിനെ തങ്ങളുടെ അടിമരാഷ്ട്രമാക്കി മാറ്റാൻ അമേരിക്കൻ സാമ്രാജ്യത്വത്തെ സഹായിച്ചത് മഗ്‌സാസെയാണ്. ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ ഫിലിപ്പീൻസ് പ്രസിഡന്റും സ്പാനിഷ് കൊളോണിയൽ കാലഘട്ടത്തിന് ശേഷം ജനിച്ച ആദ്യത്തെയാളുമാണ് അദ്ദേഹം.

പ്രസിഡന്റ് എന്ന നിലയിൽ മഗ്സാസെ അമേരിക്കയുടെ അടുത്ത സുഹൃത്തും പിന്തുണക്കാരനും ശീതയുദ്ധകാലത്ത് കമ്മ്യൂണിസത്തിനെതിരെ ശബ്ദമുയർത്തിയ വക്താവുമായിരുന്നു. തെക്കു കിഴക്കനേഷ്യ, ദക്ഷിണേഷ്യ, തെക്കുപടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ കമ്മ്യൂണിസ്റ്റ്, മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 1954ലെ മനില ഉടമ്പടി എന്നറിയപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യ ഉടമ്പടി ഓർഗനൈസേഷന്റെ അടിത്തറയ്ക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ഇതോടെയാണ് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്ര് വിരുദ്ധനെന്ന വിശേഷണം നേടിയെടുത്തത്. അതിസമ്പന്നരും പുത്തൻകൂറ്റ് പണക്കാരുമായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ.

സ്പാനിഷ് കോളനി രാജ്യമായിരുന്നു ഫിലിപ്പീൻസ്. ശക്തമായ സ്വാതന്ത്ര്യസമര പോരാട്ടത്തിലൂടെ ക്രൂരന്മാരായ സ്പാനിഷ് സാമ്രാജ്യത്വത്തെ തുരത്തിയെങ്കിലും പിന്നീട് ഫിലിപ്പീൻസ് അമേരിക്കൻ കോളനിയായി മാറിയെന്നതാണ് വിധിവൈപരീത്യം. അമേരിക്കൻ ഏജന്റുമാർ ഫിലിപ്പീൻസ് ദേശീയവാദികളെയൊക്കെ കണ്ട് സഹായവാഗ്ദാനങ്ങളിലൂടെ പാട്ടിലാക്കി കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരായ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് ഫിലിപ്പീൻസ് സാക്ഷിയായി. ഫിലിപ്പീൻ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് പോരാട്ടങ്ങൾക്ക് കരുത്ത് പകർന്നത്. അമേരിക്കയുടെ അടിച്ചമർത്തൽ ശ്രമങ്ങളെയെല്ലാം ചെറുത്തുനിന്ന പോരാട്ടം. അന്താരാഷ്ട്ര വേദികളിൽ അമേരിക്ക നാണംകെടാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അച്ചുതണ്ട് ശക്തികളുടെ ഭാഗമായ ജപ്പാൻ ഫിലിപ്പീൻസിലേക്ക് സൈനിക അധിനിവേശം നടത്തിയതോടെ അമേരിക്ക വീണ്ടും പ്രതിരോധത്തിലായി. ജപ്പാനെ തടയാൻ അമേരിക്കയ്ക്കോ അവരുടെ പാവസർക്കാരിനോ സാധിക്കാതെ വന്നതോടെ കമ്മ്യൂണിസ്റ്റ് പോരാളികളെ അവർക്കാശ്രയിക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെ തടവിൽനിന്ന് മോചിപ്പിച്ചു. കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ചേർന്ന് ഫാസിസത്തിനെതിരായ ഐക്യമുന്നണിയുണ്ടാക്കി. ലക്ഷക്കണക്കിന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നെങ്കിലും ജപ്പാനോട് വഴങ്ങാൻ പോരാളികൾ തയാറായില്ല. കമ്മ്യൂണിസ്റ്റുകാരോടൊപ്പം അമേരിക്ക ഫിലിപ്പീൻസിലെ തദ്ദേശീയരെ വച്ചുള്ള ഗറില്ലാസംഘവും ചേർന്നാണ് ജപ്പാനെ തുരത്തിയത്. ഈ അമേരിക്കൻ സംഘത്തിലെ ക്യാപ്റ്റനായിരുന്നു അന്ന് രമൺ മഗ്സാസെ. ജനങ്ങൾക്ക് കമ്മ്യൂണിസ്റ്റുകാരോട് അടുപ്പം വർദ്ധിച്ചു.

കാര്യങ്ങൾ അമേരിക്കയുടെ വരുതിയിലായെങ്കിലും സാമ്രാജ്യത്വം തുലയട്ടെ എന്ന മുദ്രാവാക്യവുമായി ജനങ്ങൾ സാമ്രാജ്യത്വത്തിനെതിരെ പോരാട്ടപാതയിലെത്തി. നിൽക്കക്കള്ളിയില്ലാതെ അമേരിക്ക ഔദ്യോഗികമായി പിൻവാങ്ങിയെങ്കിലും രഹസ്യധാരണപ്രകാരമുള്ള ഉടമ്പടികൾ നിലനിറുത്തിയിരുന്നു. അമേരിക്കയുടെ അപ്രഖ്യാപിത സാറ്റലൈറ്റ് രാഷ്ട്രമായി തന്നെയാണത് തുടർന്നത്.

രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലാളിവർഗ മുന്നേറ്റത്തെ തടയാൻ അമേരിക്കയ്ക്കും ഫിലിപ്പീൻസിനുമിടയിൽ നിന്ന് പ്രവർത്തിച്ചയാളാണ് മഗ്സാസെ. മഗ്സാസെയുടെ ഭരണകാലത്ത് കമ്മ്യൂണിസ്റ്റുകാരും കുടുംബങ്ങളും തുടർച്ചയായി വേട്ടയാടപ്പെട്ടു.

റാമോൺ മഗ്സാസെ ദേശീയ സുരക്ഷാസെക്രട്ടറി പദവിയിലിരിക്കെയാണ് അമേരിക്കയ്ക്ക് വേണ്ടി ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യാനും അവരുടെ വീടുകളിലെ സ്ത്രീകളെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്താനും നേതൃത്വം നൽകിയത്. അതിന് ശേഷമാണ് അദ്ദേഹം നാഷണലിസ്റ്റ് പാർട്ടിയിലൂടെ രാജ്യത്തിന്റെ പ്രസിഡന്റാവുന്നത്. ഇദ്ദേഹം പ്രസിഡന്റായ ശേഷം അമേരിക്കയുടെ കാവൽനായയെ പോലെ പ്രവർത്തിച്ച് കമ്മ്യൂണിസ്റ്റുകാരെ തുടർച്ചയായി വേട്ടയാടി. അമേരിക്കൻ ഉത്‌പന്നങ്ങൾ രാജ്യത്തേക്ക് വൻതോതിൽ ഇറക്കുമതി ചെയ്ത് രാജ്യത്തെ സാമ്രാജ്യത്വത്തിന് പണയംവച്ചതിലും മഗ്സാസെയാണ് മുഖ്യപങ്ക് വഹിച്ചത്. ഫിലിപ്പീൻസിൽ കമ്മ്യൂണിസ്റ്റുകാർ പോരാട്ടം അവസാനിപ്പിച്ചില്ല. മഗ്സാസെ മരിച്ചിട്ടും കമ്മ്യൂണിസ്റ്റ് പോരാട്ടം തുടർന്നു.

മഗ്സാസെ അന്തരിച്ച് ഒരു മാസം തികയും മുമ്പാണ് മഗ്സാസെ പുരസ്കാരം ഏർപ്പെടുത്തുന്നത്. അമേരിക്ക ആസ്ഥാനമായുള്ള റോക്ക് ഫെല്ലർ കുടുംബമാണ് പുരസ്കാരദാതാക്കൾ. ഫിലിപ്പീൻസ് അമേരിക്കൻകോളനിയായിരിക്കെ അവരുടെ കൊള്ളകൾ മറച്ചുവയ്ക്കാനായി സ്ഥാപിക്കപ്പെട്ട സെൻട്രൽ ഫിലിപ്പീൻ സർവകലാശാല സ്ഥാപിച്ചത് റോക്ക് ഫെല്ലറാണ്. അമേരിക്കയുടെ പ്രീതി സമ്പാദിക്കാനായി ഏത് വിധേനയും വഴങ്ങിക്കൊടുത്ത മഗ്സാസെയുടെ പേരിൽ പുരസ്കാരമേർപ്പെടുത്തിയത് ഒരു നന്ദിസൂചകമാകാതിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പുരസ്കാരം സാമ്രാജ്യത്വ ഉത്‌പന്നമാണ്.

അത് സ്വീകരിക്കുന്നതിലൊരു രാഷ്ട്രീയമുണ്ട് എന്നതുകൊണ്ടുതന്നെയാകും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അത് നിരസിച്ചത്. ആ അർത്ഥത്തിൽ അത് ന്യായീകരിക്കപ്പെടണം. പക്ഷേ...

അമേരിക്കയും

കമ്മ്യൂണിസ്റ്റുകാരുടെ

മാറ്റങ്ങളും

പക്ഷേ മഗ്സാസെ പുരസ്കാരം ഇന്ന് ലോകത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിലൊന്നായാണ് പരിഗണിക്കപ്പെടുന്നത്. ടി.എം. കൃഷ്ണയെ പോലെ വിഖ്യാതരായ സംഗീതജ്ഞർ ഈ പുരസ്കാരം നേടിയെടുത്ത് പ്രശസ്തരായിട്ടുണ്ട്. നോബൽ സമ്മാനം കഴിഞ്ഞാൽ വിലമതിക്കപ്പെടുന്ന ഒന്നാണിത്.

മഗ്സാസെ പരിഗണിച്ച പുരസ്കാരം സ്വീകരിച്ചിരുന്നെങ്കിൽ അതൊരുപക്ഷേ കേരളത്തിന് നേട്ടമായേനെ എന്നും കേരളത്തിന്റെ കീർത്തി അന്താരാഷ്ട്രതലത്തിൽ കൂടുതൽ തിളക്കം വരിച്ചേനെ എന്നും ചിന്തിക്കുന്നവരുണ്ട്. പാർട്ടിക്ക് അതിന്റേതായ ന്യായീകരണമുണ്ട്. എന്നിരുന്നാലും അത് ശൈലജയായത് കൊണ്ട് നിരസിക്കപ്പെട്ടതാണോ എന്ന് സന്ദേഹിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം ശൈലജ നിപ്പ, കൊവിഡ് പ്രതിരോധകാലത്ത് നേടിയെടുത്തൊരു അംഗീകാരമുണ്ട്. അത് പൊതുബോധത്തെ അവർക്കനുകൂലമായി സൃഷ്ടിക്കാൻ വഴിയൊരുക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടി വിജയിച്ച എം.എൽ.എ അവരായത് പോലും അതുകൊണ്ടാണ്. രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് കൊവിഡ് പ്രതിരോധനടപടികളിൽ തുടർച്ചയുണ്ടാവാൻ അവർതന്നെ തുടരേണ്ടിയിരുന്നിട്ടും ( അത് കൈകാര്യം ചെയ്തുവന്ന പരിചയം തുണയാകുമെന്നതിനാലാണ്) അത് സംഭവിക്കാതെ പോയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

ചരിത്രപരമായ

വിഡ്ഢിത്തം

ജ്യോതിബസുവിന് പ്രധാനമന്ത്രിപദം കൈവന്നപ്പോൾ സി.പി.എം അത് തട്ടിമാറ്റിയതിനെ പിൽക്കാലത്ത് ബസു തന്നെ വിശേഷിപ്പിച്ചത് ചരിത്രപരമായ വിഡ്ഢിത്തമെന്നാണ്. അന്നത് സ്വീകരിച്ചിരുന്നെങ്കിൽ പാർട്ടി ഇന്ത്യയിൽ വേറൊരു രാഷ്ട്രീയനിലയിലായിരുന്നേനെ ഇന്ന്. അതുണ്ടായില്ല. ഇന്ന് പാർലമെന്റിൽ പോലും പാർട്ടിയുടെ അവസ്ഥ പരിതാപകരമാണ്. ബസു ദീർഘവീക്ഷണമുള്ള പ്രായോഗികവാദിയായിരുന്നു.

സൈദ്ധാന്തികമായ പിടിവാശികൾ പാർട്ടിക്ക് ദോഷമുണ്ടാക്കിയിട്ടുണ്ട് എന്നതിന് ഇതൊരു ഉദാഹരണമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന പാർട്ടിനേതാക്കൾ തന്നെ ചികിത്സയ്ക്ക് അമേരിക്കയെ ആശ്രയിക്കുന്നതിലെ വിധിവൈപരീത്യം ശത്രുക്കൾ ആഘോഷിക്കുന്നതും ഇത്തരം വൈരുദ്ധ്യങ്ങൾ മുഴച്ച് നിൽക്കുന്നത് കൊണ്ടാണ്.

ഗൗരി അമ്മ,

ടി.വി.തോമസ്,

ബിജിമോൾ

പിടിവാശി സി.പി.എമ്മിന് മാത്രമല്ല, സി.പി.ഐയും മോശമല്ല. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ദമ്പതികൾ കെ.ആർ. ഗൗരി അമ്മയെയും ടി.വി. തോമസിനെയും രണ്ടാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എന്ന സി.പി.ഐ ആണെന്ന് ഗൗരി അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

64ലെ പാർട്ടി പിളർപ്പിന് ശേഷം 67ൽ വീണ്ടും ഇരുപാർട്ടികളുമൊരുമിച്ച് അധികാരം പങ്കിട്ടവേളയിൽ ഗൗരി അമ്മയും തോമസും മന്ത്രിമാരായി. ഗൗരി അമ്മ മന്ത്രിവസതിയായ സാനഡുവിലും തോമസ് തൊട്ടപ്പുറത്തെ മന്ത്രിവസതിയായ റോസ് ഹൗസിലുമായിരുന്നു താമസം. ഇരുവർക്കും അങ്ങോട്ടുമിങ്ങോട്ടും പോകാൻ പിറകുവശത്തെ മതിലിൽ കുറച്ചുഭാഗം പൊളിച്ച് ഗേറ്റ് സ്ഥാപിച്ചെങ്കിലും സി.പി.ഐക്കാർ അത് പൂട്ടി തങ്ങളെ രണ്ടാക്കി എന്നാണ് ഗൗരി അമ്മ പറഞ്ഞത്.

സമീപ ദിവസങ്ങളിൽ ഇടുക്കിയിൽ സി.പി.ഐ ജില്ലാ സമ്മേളനം പൂർത്തിയായശേഷം ഇ.എസ്. ബിജിമോൾ എന്ന മുൻ എം.എൽ.എ വിലപിക്കുന്നത് കേട്ടു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പ്രകാരം ഒരു വനിത ജില്ലാ സെക്രട്ടറിയായി വരട്ടെയെന്ന് തീരുമാനിച്ചതനുസരിച്ച് സെക്രട്ടറി പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട അവരെ ജില്ലയിലെ നേതൃത്വം മത്സരിച്ച് തോല്പിച്ചതിന്റെ വേദനയിലാണ് ബിജിമോൾ. സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ വിഭാഗീയ പോരാട്ടത്തിൽ തകർന്നത് ബിജിമോൾ. പക്ഷേ പാർട്ടിചട്ടക്കൂടനുസരിച്ച് പരസ്യവിമർശനത്തിന് നടപടിക്ക് വിധേയയാകാൻ പോകുന്നതും ബിജിമോളാണ്.

ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ സംഭവിക്കുന്നത്. അതുകൊണ്ട് അതൊരു പ്രത്യേക ജനുസ്സായതിനാൽ മഗ്സാസെ അവാർഡ് സ്വീകരിക്കാതെ കളഞ്ഞതൊന്നും ഒരു 'ഇഷ്യു' ആക്കി സമയം കളയേണ്ടതില്ല.