kk

എഴുപതു വർഷത്തോളം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ വിയോഗം ഒരു യുഗാന്ത്യം കൂടിയാണ്. ലോകമെമ്പാടും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു രാജ്ഞി ഒരുപക്ഷേ ചരിത്രത്തിൽ അപൂർവമായിരിക്കും. രാജകൊട്ടാരത്തിന്റെ അന്തസും ആഭിജാത്യവും ഓരോ ചലനത്തിലും കൈവിടാതെ ജീവിച്ച അവർ ലോക നേതാക്കൾക്കും ജനങ്ങൾക്കും എന്നും മാതൃകയായിരുന്നു. ഇന്ത്യയുമായും നെഹ്‌റു മുതൽ മോദിവരെയുള്ള ഭരണാധികാരികളുമായും അവർ ഉൗഷ്‌മളമായ ബന്ധമാണ് പുലർത്തിയിരുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലായിരുന്നു അവരുടെ വിവാഹം. ബ്രിട്ടീഷ് രാജ്ഞിയെന്ന നിലയിൽ ആ മഹതി മൂന്ന് തവണ ഇന്ത്യാ സന്ദർശനം നടത്തിയിരുന്നു. 1961ലും 83ലും 97ലും. ഏറ്റവും ഒടുവിലത്തെ സന്ദർശനത്തിനിടയിൽ അവർ കൊച്ചിയിലും എത്തിയിരുന്നു. ഇന്ത്യാ സന്ദർശനത്തിനെത്തിയ എല്ലാ സന്ദർഭങ്ങളിലും നിരവധി ജനങ്ങൾ പാതയോരങ്ങളിൽ ആരവത്തോടെ അവരെ കാത്തുനിന്നിരുന്നത് തന്നെ ഇവിടത്തെ സാധാരണ ജനങ്ങൾക്ക് അവരോടുള്ള കളങ്കരഹിതമായ സ്നേഹവായ്‌പ്പിന്റെ തെളിവായി കണക്കാക്കാം. അമൃത്‌സറിലെ ജാലിയൻവാലാബാഗ് സ്മാരകം സന്ദർശിച്ചതിനുശേഷം അവർ രേഖപ്പെടുത്തിയ വാക്കുകൾ വളരെ പ്രസക്തമായിരുന്നു. ഭൂതകാലത്ത് ഇരുരാജ്യങ്ങൾക്കുമിടയിൽ ദുഃഖകരമായ സംഭവങ്ങൾ നടന്നുവെന്നതിന്റെ മായ്‌ക്കാനാകാത്ത ഏടാണ് ജാലിയൻ വാലാബാഗ് എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സ്മാരകത്തിൽ ശിരസ് കുനിച്ച അവർ റീത്ത് സമർപ്പിച്ച് മൗനമായി പ്രാർത്ഥിക്കുകയും ചെയ്തു.

ബ്രിട്ടീഷുകാർ മാത്രമല്ല ലോകമെമ്പാടുമുള്ള മഹാഭൂരിപക്ഷം ജനങ്ങളും അവരെ ഒരു ആരാധനാ ബിംബമായാണ് കണ്ടിരുന്നത്. ആ ഇമേജിന് കോട്ടം തട്ടുന്ന ഒരു ചെറിയ പ്രവൃത്തി പോലും ഈ സുദീർഘമായ കാലയളവിനുള്ളിൽ അവരിൽ നിന്ന് പൊതുജീവിതത്തിലോ സ്വകാര്യ ജീവിതത്തിലോ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എഴുപതു വർഷത്തിനിടെ ബ്രിട്ടണിൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ കഴിഞ്ഞ ദിവസങ്ങളിൽ അധികാരമേറ്റ ലിസ് ട്രസ് വരെ 15 പ്രധാമന്ത്രിമാരുടെ സ്ഥാനാരോഹണം നിർവഹിക്കാനും അവർക്ക് നിയോഗമുണ്ടായി. 96-ാം വയസിൽ വിടപറയുന്നതിന് മുമ്പ് ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന ഏഴു പതിറ്റാണ്ടിനിടെ ലോകത്ത് നടന്ന നിരവധി ചരിത്ര സംഭവങ്ങൾക്ക് അവർ സാക്ഷിയാകേണ്ടിവന്നു. അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധം, അവർക്ക് ഏറെ അടുപ്പമുണ്ടായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം, വിവാദങ്ങൾക്ക് തിരികൊളുത്തിയ ഡയാന രാജകുമാരിയുടെ മരണം, ബർലിൻ മതിലിന്റെ പതനം, സെപ്തംബർ 11 ആക്രമണം, യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതായി ബ്രിട്ടൺ മാറിയ ബ്രക്‌സിറ്റ്, ലോകം മുഴുവൻ പടർന്ന കൊവിഡ് മഹാമാരി തുടങ്ങി നിരവധി സംഭവങ്ങൾ അതിൽ ഉൾപ്പെടുന്നു. പിതാവ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തോടെയാണ് അവർ രാജ്ഞി പദത്തിലെത്തിയത്. 1952 ഫെബ്രുവരി ആറിന് അവർ രാജ്ഞി ആയെങ്കിലും കിരീടധാരണ ചടങ്ങ് നടന്നത് ഒരുവർഷം കഴിഞ്ഞാണ്. ഭർത്താവ് ഫിലിപ്പ് രാജകുമാരനുമൊത്ത് വിനോദസഞ്ചാരത്തിന് കെനിയയിൽ എത്തിയ അവർ മരത്തിന് മുകളിലെ കോട്ടേജിലേക്ക് കയറിപ്പോയത് രാജകുടുംബാംഗമെന്ന നിലയിലും ഇറങ്ങിവന്നത് രാജ്ഞിയായിട്ടാണെന്നും ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവ് അന്തരിക്കുന്ന വേളയിൽ അവർ കെനിയയിലെ വിനോദ കേന്ദ്രത്തിലായിരുന്നു. എലിസബത്ത് രാജ്ഞിയായത് ഈ കോട്ടേജിൽ താമസിച്ച ദിനത്തിലാണെന്ന് രേഖപ്പെടുത്തുന്ന ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്.

എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണ ചടങ്ങിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവും സംബന്ധിച്ചിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷം ലണ്ടൻ സന്ദർശിച്ച മോദിയെ ബക്കിംഗ്‌‌‌ഹാം കൊട്ടാരത്തിൽ ഗ്ളൗസ് ധരിക്കാതെ ഹസ്തദാനം നൽകി രാജ്ഞി സ്വീകരിച്ചത് വലിയ ബഹുമതിയായാണ് മാദ്ധ്യമങ്ങൾ വിലയിരുത്തിയത്. സാധാരണഗതിയിൽ അമേരിക്കൻ പ്രസിഡന്റുമാരെയാണ് രാജ്ഞി ഗ്ളൗസ് ധരിക്കാതെ ഹസ്തദാനം നൽകി സ്വീകരിക്കാറുള്ളത്.

രാജ്ഞി ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ലോകമെമ്പാടും ഫാഷൻ ലോകത്തെ വിദഗ്ദ്ധർ വിലയിരുത്തുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്യുമായിരുന്നു. നിറങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അവർ പ്രകടിപ്പിച്ചിരുന്ന ശ്രദ്ധ എന്നും പ്രശംസനീയമായിരുന്നു. രാജ്ഞി വിവിധ സന്ദർഭങ്ങളിൽ ധരിച്ചിരുന്ന തൊപ്പിയും ഫാഷൻ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇംഗ്ളണ്ടിലെ പുതിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചിത്രം മാദ്ധ്യമങ്ങളിൽ വന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്ഞിയുടെ ആരോഗ്യനില വഷളായതായ വാർത്തകൾ വന്നത്. തടർന്നാണ് ബൽമോറയിലെ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ അവരുടെ വിയോഗമുണ്ടായത്. മകൻ ചാൾസാണ് പുതിയ രാജാവാകുന്നത്. ഇരുപത്തിമൂന്നാമത്തെ വയസിലാണ് എലിസബത്ത് രാജ്ഞിയാകുന്നത്. ചാൾസ് രാജാവാകുന്നത് 73-ാം വയസിലും. ചാൾസ് രാജാവാകുമ്പോൾ മൂത്ത മകൻ വില്യമാണ് കിരീടാവകാശിയായി മാറുന്നത്.

ബ്രിട്ടൺ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളിൽ തന്റെ സ്വകാര്യ സ്വത്തിന് നികുതി നൽകാൻ തീരുമാനിച്ചതും ബക്കിംഗ്‌ഹാം കൊട്ടാരം പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ തുറന്നുകൊടുത്തതുമായ തീരുമാനങ്ങൾ അവരെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ കാരണമായി.

രാജ്ഞിയുടെ വിവാഹ സമ്മാനമായി മഹാത്മാഗാന്ധി സമ്മാനിച്ച തൂവാല അവർ തന്റെ സുവർണ നിധികളിൽ ഒന്നായി സൂക്ഷിച്ചുവച്ചിരുന്നു. കൂടിക്കാഴ്ചകളിലൊന്നിൽ ഈ തൂവാല രാജ്ഞി തന്നെ കാണിച്ചുതന്ന കാര്യം പ്രധാനമന്ത്രി മോദി അനുശോചന സന്ദേശത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. പല തവണ ടൈം മാഗസിൻ രാജ്ഞിയുടെ മുഖം കവർചിത്രമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും പ്രത്യേകിച്ച് കോമൺവെൽത്ത് രാജ്യങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളും പ്രധാന സംഭവങ്ങളും എലിസബത്ത് രാജ്ഞി സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകളിൽ ഇക്കാര്യങ്ങളിലുള്ള തന്റെ ധാരണകൾ പങ്കുവയ്ക്കാനും അവർ മടിച്ചിരുന്നില്ല.സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടന്റെ സിംഹാസനത്തിൽ സുദീർഘ കാലം സേവനമനുഷ്ഠിച്ച അവരുടെ അസ്തമനം വലിയ ഒരു കാലഘട്ടത്തിന്റെ കൂടി മടങ്ങിപ്പോക്കാണ്.