ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ചിറയിൻകീഴ് മേഖലയിൽ വിവിധ ചടങ്ങുകളോടെ ഇന്ന് നടക്കും. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ നടക്കുന്ന ജയന്തിയാഘോഷങ്ങളുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിക്കും. ക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി അദ്ധ്യക്ഷത വഹിക്കും.യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ചതയദിന സന്ദേശം നൽകും. ക്ഷേത്രസന്നിധിയിൽ രാവിലെ 5.30ന് അഷ്ടദ്രവ്യമഹാ ഗണപതി ഹോമത്തോടെ ക്ഷേത്രതന്ത്രി സുശീലൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.തുടർന്ന് 8ന് കലശപൂജയും സമൂഹ ഗുരുപുഷ്പാഞ്ജലി, 10ന് നവക പഞ്ചഗവ്യ മഹാകലശാഭിഷേകവും പായസ നിവേദ്യം,വൈകിട്ട് 5.30ന് സ്‌പെഷ്യൽ ദീപാരാധന വിളക്കും ദീപക്കാഴ്ചയും, 6ന് പ്രശസ്ത സംഗീതഞ്ജ ലൗലി ജനാർദ്ദനനും സംഘവും നയിക്കുന്ന ഗാനോൽസവം, 6.30ന് ദൈവദശക കീർത്തനാലാപനം, മഹാഗുരുപൂജ എന്നിവയോടെ സമാപിക്കും. സഭവിള ശ്രീനാരായണാശ്രമത്തിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ജയന്തിയാഘോഷം രാവിലെ അഖണ്ഡനാമജപയഞ്ജത്തോടെ ആരംഭിക്കും. ശ്രീനാരായണ ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ല കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാസമാധി ദിനം വരെ നീളുന്ന മാനവ സാഹോദര്യ വിളംബര വാരാചരണം വൈകിട്ട് 3.30ന്സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരു സന്ദേശങ്ങളടങ്ങിയ ലീഫ് ലെറ്റ് പ്രസിഡന്റ് ബൈജു തോന്നയ്ക്കലിന് കൈമാറി ഉദ്ഘാടനം നിർവഹിക്കും. താലൂക്ക്തല ജയന്തിയാഘോഷങ്ങളിൽ പങ്കെടുക്കേണ്ട ശാഖാ യോഗം എസ് .എൻ ട്രസ്റ്റ് വനിതാ സംഘം ഭാരവാഹികൾ രാവിലെ 7ന്ശാർക്കരയിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.