
അത്തിമരക്കൊമ്പിലെ ഏറുമാടത്തിൽ ഭർത്താവുമൊത്ത് അന്തിയുറങ്ങാൻ കയറിയ എലിസബത്ത് രാജകുമാരി പിറ്റേന്ന് തിരിച്ചിറങ്ങിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ രാജ്ഞിയായി.
1952 ഫെബ്രുവരി ആറിന് ലോകം ഉണർന്നത് ബ്രിട്ടീഷ് രാജാവായ ജോർജ് ആറാമന്റെ മരണവാർത്ത കേട്ടായിരുന്നു. ശ്വാസകോശ കാൻസറിനെ തുടർന്നായിരുന്നു അന്ത്യം.
ആഫ്രിക്കൻ രാജ്യമായ കെനിയയിലെ ആബെർഡെയർ പാർക്കിലായിരുന്നു മകൾ എലിസബത്തും ഭർത്താവ് ഫിലിപ്പ് രാജകുമാരനും. ബ്രിട്ടന്റെ കോളനിയായിരുന്ന കെനിയയിൽ കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. സാഹസികത ഇഷ്ടപ്പെട്ടിരുന്ന എലിസബത്ത് ആബെർഡെയറിലെ മരച്ചില്ലയിലെ ഏറുമാടത്തിൽ (ട്രീ ടോപ്സ്) അന്തിയുറങ്ങാൻ തീരുമാനിച്ചു.
അങ്ങനെ, അഞ്ചാം തീയതി കയറേണിയിൽ പിടിച്ചുകയറി ഏറുമാടത്തിലേക്ക് കടന്ന യുവതി ആറാംതീയതി താഴേക്കിറങ്ങി വന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജ്ഞിയായിട്ടായിരുന്നു. ഈ വാർത്ത മാദ്ധ്യമങ്ങൾ ലോകമെങ്ങും ആഘോഷിച്ചതോടെ കെനിയയുടെ വിനോദസഞ്ചാരത്തിന്റെ ഖ്യാതിയും താരപരിവേഷവും കുതിച്ചുയർന്നു.