
നെയ്യാറ്റിൻകര: ടൈലുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 6ഓടെ നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷനിലെ വളവിലായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ടൈലുമായി പാറശാലയിലേയ്ക്ക് പോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ബംഗാൾ സ്വദേശിയായ ശ്യാമൽകുമാർ വിശ്വാസിന്റെ ഷീറ്റും കോൺക്രീറ്റും ചേർന്ന പഴക്കമുളള വീട് പൂർണമായും തകർന്നു. ഇവിടെ യുനാനി ചികിത്സ നടത്തുന്ന ശ്യാമൽകുമാറും ഭാര്യ പുഷ്പറാണിയും മക്കളായ സൂനം വിശ്വാസ്, സായം വിശ്വാസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേയ്ക്ക് ഇറങ്ങിയോടിയാണ് രക്ഷപ്പെട്ടത്. എറണാകുളം സ്വദേശി ബാബുവാണ് ട്രക്ക് ഓടിച്ചിരുന്നത്. അപകടത്തെതുടർന്ന് സീറ്റിനുള്ളിൽ കുടുങ്ങിപ്പോയ ഇയാളെ നെയ്യാറ്റിൻകര പൊലീസിന്റെയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുറത്തെത്തിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കാലിനാണ് പരിക്ക്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ഒരുമാസം മുൻപ് ഇവിടെ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു.