sep09a

ആറ്റിങ്ങൽ: മൂങ്ങോട് പേരേറ്റിൽ തോക്കാലയിൽ പൗരസമിതിയുടെ അത്തപ്പൂക്കളം അത്ഭുത കാഴ്ചയായി. വലിയ ഷെഡ് നിർമ്മിച്ച് അതിനുള്ളിലാണ് അത്തം ഒരുക്കിയത്. സാധാരണ കാഴ്ചയിൽ വലിയൊരത്തപ്പൂക്കളം എന്ന് തോനുമെങ്കിലും സാങ്കേതിക മികവോടെയാണ് അത്തപ്പൂക്കളം ഒരുക്കിയത്. പ്രത്യേക ശബ്ദ വിതാനത്തിന്റെ പശ്ചാത്തലത്തിൽ അത്തപ്പൂക്കളം ഉയർന്നു പൊങ്ങും. തുടർന്ന് അത്തപ്പൂക്കളത്തിനടിയിൽ നിന്നും ശ്രീകൃഷ്ണൻ അത്തപ്പൂക്കളം താങ്ങി ഉയർന്നു വരും. ഗോവർദ്ധന പർവതം ഉയർത്തി മഴയിൽ നിന്നും കൂട്ടരെ രക്ഷിക്കുന്ന പുരാണ കഥയുടെ വിഷ്കാരമാണ് നടന്നത്. പത്തടി താഴ്ചയിലുള്ള കുഴിൽ നിന്നുമാണ് ശ്രീകൃഷ്ണൻ ഉയർന്നു വരുന്നത്. പശ്ചാത്തലത്തിൽ മഴയുടെ പ്രതീതി ഉളവാക്കുന്ന ദൃശ്യങ്ങളും ശബ്ദവും കൂടുതൽ ആകർഷണീയമായിട്ടുണ്ട്. ദി മിറക്കിൾ ഓഫ് ഗോവർദ്ധനഗിരി എന്ന് പേരിട്ട ഈ അത്തപ്പൂക്കളത്തിന് രണ്ടു ലക്ഷം രൂപചെലവായതായി ഭാരവാഹികൾ പറഞ്ഞു.

തോക്കാല പൗരസമിതിയുടെ വിസ്മയ അത്തപ്പൂക്കളം ഇത് പത്താമത്തേതാണ്. കൊവിഡ് കാലത്തൊഴിച്ച് തുടർച്ചയായി ഇവർ അത്ഭുതം തീർക്കുകയാണ്. ആർട്ടിസ്റ്റ് സത്യപാൽ,​ അനുജൻ ശരത്,​ വെൽഡിംഗ് വർക്കർ സുരേഷ് ലാൽ എന്നിവരുടെ നേതൃത്വത്തിൽ പൗരമിതിയിലെ ചെറുപ്പക്കാർ15 ദിവസം രാപകൽ പരിശ്രമിച്ചാണ് അത്തപ്പൂക്കളം ഒരുക്കിയത്.

ഇതിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം തിരുവോണ ദിവസം രാവിലെ 9.30 ന് ശിവഗിരിമഠം സ്വാമി വിശാലാനന്ദ ഭദ്ര ദീപം തെളിച്ച് നിർവഹിച്ചു. വാർഡ് മെമ്പർ സത്യബാബു അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പൗരന്മാർക്കുള്ള ഓണക്കോടി വിതരണം കവി വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന,​ കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്,​ ഫാദർ ഷിജിൻ ആന്റണി,​ കൊളാഷ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ സുരേഷ് കൊളാഷ്,​ സത്യപാൽ എന്നിവർ സംസാരിച്ചു.