k-sudhakaran

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തേയും നെഹ്‌‌റു കുടുംബത്തേയും താൻ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാർത്ത അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഒരു സ്വകാര്യചാനലിന്റെ കണ്ണൂർ ലേഖകന് നൽകിയ അഭിമുഖത്തിൽ താൻ മനസിൽ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച് വാർത്തയായി നൽകിയത്.

കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് ശശി തരൂരിന്റെ മത്സര സന്നദ്ധതയുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തിൽ ആർക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞതിനെ വളച്ചൊടിച്ച് നെഹ്റു കുടുംബത്തെ താൻ തള്ളിപ്പറഞ്ഞെന്ന തരത്തിലാക്കി. ചാനലിനും വാർത്ത തയ്യാറാക്കിയ ലേഖകനും എതിരെ നിയമ നടപടി സ്വീകരിക്കും.

നെഹ്റു കുടുംബത്തിലെ നേതാക്കളുടെ സാന്നിദ്ധ്യവും നേതൃത്വവും കോൺഗ്രസിന് അനിവാര്യമാണ്. തരൂരിന് മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന് പറഞ്ഞത് ശരിയാണ്. എന്നാൽ അദ്ദേഹത്തിന് വേണ്ടി മനഃസാക്ഷി വോട്ട് ചെയ്യാൻ താൻ പറഞ്ഞെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നത് ശരിയല്ല. അനൗപചാരിക സ്ഥാനാർത്ഥിയായി തരൂർ രംഗത്ത് വരുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇക്കാര്യം അദ്ദേഹത്തോടുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. തന്റെ പേരിലുണ്ടായ വാർത്ത ചിലരിലെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതിന് താൻ അവരോട് മാപ്പുചോദിക്കുന്നു.