
തിരുവനന്തപുരം: ചാൾസ് മൂന്നാമൻ ബ്രിട്ടനിലെ പുതിയ രാജാവാകുമ്പോൾ അദ്ദേഹവുമായി സംസാരിക്കാനും ചിത്രം പകർത്താനും ലഭിച്ച അപൂർവ സന്ദർഭത്തെക്കുറിച്ചുള്ള ഓർമ്മ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയുടെ മൂത്തമകൻ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡ വർമ്മ പങ്കുവച്ചു. 2013 നവംബറിലാണ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയ്‌ക്കൊപ്പം പൂരുരുട്ടാതി തിരുനാൾ ചാൾസ് രാജകുമാരനെ കണ്ടത്. കൊളംബോയിൽ കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചാൾസും ഭാര്യ കാമിലയും കൊച്ചിയിലെത്തിയപ്പോഴാണത്. ബ്രിട്ടീഷ് ഹൈക്കമ്മിഷന്റെ ക്ഷണത്തെ തുടർന്നായിരുന്നു സന്ദർശനം. ഉച്ചയ്‌ക്ക് 12ന് താജ് മലബാർ ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ച സമയത്തിന് രണ്ട് മിനിട്ട് മുമ്പ് തങ്ങൾ എത്തിയെങ്കിലും ചാൾസ് വാതിലിനടുത്ത് കാത്തുനിന്നിരുന്നു. കൃത്യം 12 ആയപ്പോൾ മീറ്റിംഗ് റൂമിലെത്തി. ബ്രിട്ടീഷ് ഹൈക്കമ്മിഷണറും ഒപ്പമുണ്ടായിരുന്നു. പഴയ നാട്ടുരാജ്യങ്ങളുടെ കാര്യങ്ങളായിരുന്നു സംസാരവിഷയം. കൂടിക്കാഴ്ച ഏതാണ്ട് 40 മിനിട്ടോളം നീണ്ടു.
1851ൽ തിരുവിതാംകൂർ രാജകുടുംബം വിക്ടോറിയ രാജ്ഞിക്ക് സമ്മാനിച്ച ആനക്കൊമ്പിൽ തീർത്ത സിംഹാസനം ലണ്ടനിൽ പ്രദർശനത്തിന് വച്ചപ്പോൾ കണ്ടകാര്യം താൻ ചാൾസിനെ അറിയിച്ചെന്ന് പൂരുരുട്ടാതി തിരുനാൾ പറഞ്ഞു. വിൻസർ കാസിലിൽ ആണ് ഇത് സ്ഥിരമായി സൂക്ഷിക്കാറുള്ളതെന്ന് ചാൾസ് മറുപടി നൽകി. മടങ്ങുമ്പോൾ ഉത്രാടം തിരുനാൾ 8.50 ഗ്രാമിന്റെ സ്വർണനാണയം ചാൾസിന് സമ്മാനിച്ചു. കാമിലയും ഒന്നിച്ചുള്ള ഫ്രെയിം ചെയ്ത ഫോട്ടോ ചാൾസ് തിരിച്ചുനൽകി. ഹോട്ടലിൽ ഉണ്ടായിരുന്നെങ്കിലും കാമില കൂടിക്കാഴ്ചയിൽ പങ്കെടുത്തില്ല. 2013 ഡിസംബറിൽ ഉത്രാടം തിരുനാൾ മരിച്ചപ്പോൾ ചാൾസ് അനുശോചന സന്ദേശം അയച്ചിരുന്നെന്നും പൂരുരുട്ടാതി തിരുനാൾ ഓർമ്മിച്ചു.