
തിരുവനന്തപുരം : ആന്റിറാബിസ് വാക്‌സിൻ സ്വീകരിച്ച ശേഷവും സംസ്ഥാനത്ത് ആറു പേർ മരിച്ച സാഹചര്യത്തിൽ മരണപ്പെട്ടവർക്ക് നൽകിയ ബാച്ചിലെ ബാക്കി വാക്‌സിന്റെ വിതരണം നിറുത്തി പരിശോധനയ്ക്ക് നാളെ കേന്ദ്ര ലാബിൽ അയയ്ക്കും. ഒരു മാസത്തിന് ശേഷമേ ഫലം ലഭിക്കൂ. ആശുപത്രികളിൽ പകരം വാക്സിൻ ലഭ്യമാക്കിയെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) വ്യക്തമാക്കി.
പത്തനംതിട്ടയിൽ മരിച്ച 12കാരി അഭിരാമിക്ക് ഉൾപ്പെടെ നൽകിയ KB21002 എന്ന ബാച്ച് നമ്പരിലെ വാക്‌സിനും ഇമ്മ്യൂണോഗ്ലോബിനുമാണ് ഹിമാചൽപ്രദേശ് കസോളിലെ ലാബിൽ പരിശോധിക്കുന്നത്. ഈ ലാബാണ് വാക്‌സിനുകൾക്ക് ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത്.
ഫലം ലഭിക്കും വരെ ഈ മരുന്നുകൾ സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആശുപത്രികൾക്ക് നൽകരുതെന്നും ആശുപത്രികളിൽ സ്റ്റോക്കുണ്ടെങ്കിൽ തിരിച്ചുവിളിച്ച് ശീതികരണസംവിധാനത്തിൽ സൂക്ഷിക്കണമെന്നും കെ.എം.എസ്.സി.എൽ നിർദ്ദേശം നൽകി. പോസിറ്റീവ് ഫലം ലഭിച്ചാൽ ഇവ വീണ്ടും വിതരണം ചെയ്യും. 1.50 ലക്ഷത്തോളം വയലാണ് ഈ ബാച്ചുകളിലുണ്ടായിരുന്നത്. ആയിരത്തോളം വയൽ മാത്രമാണ് ബാക്കിയുള്ളത്.
സംസ്ഥാനത്ത് നായകടി കേസുകൾ കൂടി വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ മാസങ്ങൾക്ക് മുമ്പ് കേന്ദ്രലാബിന്റെ സർട്ടിഫിക്കറ്റില്ലാത്ത വാക്‌സിനുകൾ കമ്പനികളിൽ നിന്ന് കെ.എം.എസ്.സി.എൽ വാങ്ങിയിരുന്നു. സർട്ടിഫിക്കേഷൻ സാങ്കേതികം മാത്രമാണെന്നും മരുന്നിന് നിലവാരക്കുറവില്ലെന്നുമാണ് കെ.എം.എസ്.സി.എൽ വാദിച്ചിരുന്നത്.
സാമ്പിളുകൾ നേരിട്ടെത്തിക്കും
കെ.എം.എസ്.സി.എല്ലിന്റെ കോഴിക്കോട്ടുള്ള സംഭരണകേന്ദ്രത്തിൽ നിന്ന് ശേഖരിക്കുന്ന വാക്‌സിന്റെയും ഇമ്മ്യൂണോഗ്ലോബുലിന്റെയും 120 ബോട്ടിലാണ് പരിശോധനയ്ക്ക് അയയ്ക്കുന്നത്. സാമ്പിളുകൾ കോൾഡ് ബോക്‌സിലാക്കി മൂന്ന് ഡ്രഗ് ഇൻസ്പെക്ടർമാർ കരിപ്പൂരിൽ നിന്നോ നെടുമ്പാശേരിയിൽ നിന്നോ നാളെ യാത്രതിരിക്കും. ലാബിൽ എത്തിക്കും വരെ 3-8 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്. ശീതീകരണം ഉറപ്പാക്കാൻ മുംബയ് വിമാനത്താവളത്തിലെത്തും വരെ ഒരു കോൾഡ് ബോക്‌സും അവിടെ നിന്ന് മറ്റൊന്നും ഉപയോഗിക്കും. മുംബയിൽ നിന്ന് അടുത്ത വിമാനത്തിൽ ചണ്ഡീഗഡിലെത്തിച്ച് റോഡ് മാർഗം ലാബിലേക്ക് കൊണ്ടുപോകും.