
തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർത്ഥിയും ആലുവായിൽ നിന്നുള്ള നിയമസഭാംഗവുമായ അൻവർ സാദത്ത് ഇന്ന് വൈകിട്ട് മൂന്നിന് പത്രിക നൽകും. ഇടതുമുന്നണി സ്ഥാനാർത്ഥി എ.എൻ. ഷംസീർ ബുധനാഴ്ച മൂന്ന് സെറ്റ് പത്രിക വരണാധികാരിയായ നിയമസഭാ സെക്രട്ടറി മുമ്പാകെ സമർപ്പിച്ചിരുന്നു.
12ന് ചേരുന്ന ഒരുദിവസത്തെ നിയമസഭാ സമ്മേളനത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുക. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപാകുമാർ അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ ആയിരുന്ന എം.ബി. രാജേഷ് മന്ത്രിയായതിനെ തുടർന്നാണ് സ്പീക്കർ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിയമസഭയിൽ ഇടതുമുന്നണിക്ക് 99ഉം യു.ഡി.എഫിന് 41 ഉം അംഗങ്ങളുണ്ട്.
ഇടതുമുന്നണി സ്ഥാനാർത്ഥി എ.എൻ. ഷംസീറിന് ജയം ഉറപ്പാണ്. എന്നിരുന്നാലും രഹസ്യ ബാലറ്റിലൂടെയാവും വോട്ടെടുപ്പ്. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിനു ശേഷം സഭ പിരിയും.