മുടപുരം: പത്തു ദിവസത്തിലധികമായി കിഴുവിലം പഞ്ചായത്തിലെ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തി. ശിവകൃഷ്ണപുരം,മുടപുരം,കുറക്കട തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,13-ാം വാർഡ് മെമ്പർ പി.പവനചന്ദ്രൻ,എൻ.എസ്.അനിൽ,ചന്ദ്രമോഹൻ,എം.ഷിബു എന്നിവർ നേതൃത്വം നൽകി. സി.പി.എം ആറ്റിങ്ങൽ ഏരിയാകമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയകമ്മിറ്റി അംഗം എസ്.ചന്ദ്രൻ,കിഴുവിലം ലോക്കൽ കമ്മിറ്റി സെകട്ടറി ആർ.കെ.ബാബു എന്നിവർ സംസാരിച്ചു.
അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,തിരുവനന്തപുരം ജില്ലാ കളക്ടർ,വാട്ടർ അതോറിട്ടി എം.ഡി,വി.ശശി എം.എൽ.എ,വാട്ടർ അതോറിട്ടി എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ,അസിസ്റ്റ്ന്റ് എൻജിനിയർ എന്നിവരുമായി ചർച്ച നടത്തി. കുടിവെള്ളം ഉടൻ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്.