
പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ ചിറ്റൂർ മിനി വാട്ടർ സപ്ലെ സ്കീം പദ്ധതി പ്രകാരം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2010ൽ 11 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുറുപ്പൻകാല കുടിവെള്ള പദ്ധതി നിശ്ചലമായിട്ട് 12 വർഷം. അന്നത്തെ എം.എൽ.എയായിരുന്ന ജെ. അരുന്ധതിയാണ് പദ്ധതി നാടിന് സമർപ്പിച്ചത്. കുറുപ്പൻകാലയിലെ ആദിവാസി ജനവിഭാഗങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ വ്യക്തി ബ്ലോക്കിന് സംഭാവനയായി നൽകിയ 30 സെന്റ് സ്ഥലത്താണ് പമ്പ് ഹൗസും വാട്ടർ ടാങ്കും നിർമ്മിച്ചത്. പമ്പ് ഹൗസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഞാറനീലി ട്രൈബൽ സി.ബി.എസ്.ഇ സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളം ഇപ്പോഴും എത്തിക്കുന്നത് ഇതേ ടാങ്കിൽ നിന്നാണ്. ഇതിനോടനുബന്ധിച്ച് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പുകളും ടാപ്പുകളും സ്ഥാപിച്ചുവെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളം ഈ പാവങ്ങൾക്ക് ലഭിച്ചിട്ടില്ല. പരാതികളും നിവേദനങ്ങളും ധാരാളം നൽകിയെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാരുടെ പരാതി.
ഉദ്ഘാടനം കഴിഞ്ഞിട്ടും വെള്ളമില്ല
2010 സെപ്റ്റംബർ 11നായിരുന്നു ഉദ്ഘാടനം കഴിഞ്ഞത്. എന്നാൽ ഉദ്ഘാടനം നടന്ന ദിവസം മാത്രമാണ് ഈ ഭാഗങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് കുടിവെള്ളം ലഭിച്ചത്. 12 വർഷമായിട്ടും നാളിതുവരെ ഈ പൈപ്പിൽ കൂടിയുള്ള ശുദ്ധജലം കുടിക്കാനുള്ള ഭാഗ്യം ഈ പ്രദേശത്തുള്ളവർക്ക് ലഭിച്ചിട്ടില്ല.
കാട്ടരുവി ആശ്രയം
ഏകദേശം നൂറിലധികം കുടുംബങ്ങളുള്ള ഈ പ്രദേശത്ത് ചില വീടുകളിലേക്ക് കുടിവെള്ളം ലഭിക്കുന്നത് കിലോമീറ്ററുകൾ അകലെയുള്ള കാട്ടരുവിയിൽ നിന്നാണ്.
സ്ഥലം വിട്ട് നൽകിയത്
ഞാറനീലി കുറുപ്പൻകാല പടിഞ്ഞാറ്റിൻകര വീട്ടിൽ എഴുപതു വയസ് കഴിഞ്ഞ സുഭദ്ര അമ്മയാണ് പൊതുജന താത്പര്യത്തെ തുടർന്ന് 30 സെന്റ് സ്ഥലം കുടിവെള്ള പദ്ധതിക്കും 5 സെന്റ് സ്ഥലം അങ്കണവാടിക്കുമായി സൗജന്യമായി നൽകിയത്. സ്ഥലം കൊടുത്തപ്പോൾ അധികാരികൾ കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും എന്ന് ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ല.
കേന്ദ്ര സർക്കാർ സൗജന്യമായി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ച് വീടുകളിൽ ശുദ്ധമായ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജലജീവൻ പദ്ധതിയിൽ ഈ പ്രദേശം ഉൾപ്പെടുത്താത നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. കാട്ടിലക്കുഴി, ഈയ്യക്കോട്, ഇലഞ്ചിയം, ആലുമ്മൂട്, കുറുപ്പൻകാല, കാട്ടിലക്കുഴി എന്നിവിടങ്ങളിലെ ഊരുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം.