kodiyeri

തിരുവനന്തപുരം:ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. കോടിയേരിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. ഓഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 9ന് എത്തിയ പിണറായി വിജയനും ഭാര്യയും ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയോടും ഇളയ മകൻ ബിനീഷിനോടും ചികിത്സാ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൂടുതൽ സന്ദർശകരെ അനുവദിക്കരുതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.