സംസ്ഥാന സെക്രട്ടറിയും സി.ഐ.ടിയുവും എതിർത്തു, ജില്ലാ സെക്രട്ടറി അനുകൂലം

തിരുവനന്തപുരം: നഗരസഭ ചാല സർക്കിളിൽ ഓണസദ്യ മാലിന്യത്തിൽ കളഞ്ഞ സംഭവത്തിൽ തൊഴിലാളികളായ ഏഴുപേരെ സസ്‌പെൻഡ് ചെയ്യുകയും നാലുപേരെ പിരിച്ചു വിടുകയും ചെയ്‌ത സംഭവത്തിൽ സി.പി.എമ്മിൽ ഭിന്നത. മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിപ്പറഞ്ഞപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മേയർക്ക് പിന്തുണയുമായി രംഗത്തെത്തി. കൃത്യമായ അന്വേഷണവും തൊഴിലാളികളുടെ ഭാഗവും കേൾക്കാതെ മേയറെടുത്ത തീരുമാനമാണ് സി.പി.എമ്മിനകത്ത് അതൃപ്‌തിയുണ്ടാക്കിയത്. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുന്നത് പാർട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചിട്ട സംഭവം പാർട്ടി ചർച്ച ചെയ്ത് തുടർ തീരുമാനമെടുക്കുമെന്നുമാണ് എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത്. ഇതോടൊപ്പം സി.ഐ.ടി.യുവും മേയറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. തൊഴിലാളികളെ പിരിച്ച വിട്ട നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നുമാണ് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്റെ നിലപാട്. ആഹാരം കളഞ്ഞ പ്രതിഷേധ രീതി അവിവേകമാണെന്നും തൊഴിലാളികൾക്ക് പ്രശ്നമുണ്ടെങ്കിൽ അത് മേയറോടാണ് പറയേണ്ടതെന്നുമാണ് സംഭവത്തിൽ ആനാവൂർ നാഗപ്പന്റെ പ്രതികരിച്ചത്. പിരിച്ചുവിട്ട നടപടി വിവാദത്തിലെത്തിയപ്പോൾ സി.പി.എം തന്നെ ഇടപെട്ട് മേയറോട് വിശദീകരണം ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നിലപാട് എടുത്ത മേയറുടെ നടപടി തിരുത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന.