
പാറശാല: വാഗണർ കാർ ടെമ്പോ ട്രാവലറിന് പിന്നിൽ ഇടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. സൗദി അറേബ്യയിലേക്ക് പോകുന്ന മകനെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ച് യാത്രയാക്കിയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയ നാഗർകോവിൽ കോട്ടാർ റഹുമത്ത് നഗർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ദേശീയ പാതയിൽ പാറശാല കുറുങ്കുട്ടി ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ വെളുപ്പിന് 3.30നായിരുന്നു അപകടം. തമിഴ്‌നാട്ടിലേക്ക് പോകുന്നതിനായുള്ള പെർമിറ്റ് എടുക്കുന്നതിനായി ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം നിറുത്തി ഇട്ടിരുന്ന ടെമ്പോ ട്രാവലറിന്റെ പുറകിൽ വാഗണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഗണർ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
നാഗർകോവിൽ കോട്ടാർ റഹുമത്ത് നഗർ സ്വദേശി ഷാഹുൽ ഹമീദാണ് (60) കാർ ഓടിച്ചിരുന്നത്. ഭാര്യ ഷക്കീന, മകൻ അബ്ദുൽ റഹ്മാൻ (16) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അബ്ദുൽ റഹ്മാന്റെ നില ഗുരുതരമാണ്. ആർ.ടി.ഒ ചെക്ക് പോസ്റ്റിന് മുന്നിലെ കൂരിരുട്ടും ചാറ്റൽ മഴയുമാണ് അപകടത്തിന് കാരണമായി പറയുന്നത്. പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.