തിരുവനന്തപുരം: തൈക്കാട് ശാന്തി കവാടത്തിൽ വിറകില്ലാത്തതിനാൽ വിറക് ശ്‌മശാനം ഇന്നലെ പ്രവർത്തിച്ചില്ല. തുടർന്ന് സംസ്‌കാരത്തിനെത്തിയവർ പുത്തൻകോട്ട ശ്‌മശാനത്തിലേക്ക് പോവുകയായിരുന്നു. തൈക്കാടുള്ള ട്രാവൻകൂർ ഇലക്ട്രിക്കൽ ആൻഡ് സിവിൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് ഇപ്പോൾ ശ്‌മശാനം നടത്തിപ്പിനുള്ള കരാർ നൽകിയിരിക്കുന്നത്. 11,28000 രൂപയാണ് സഹകരണം സംഘം കോർപ്പറേഷനിൽ അടയ്‌ക്കേണ്ടത്. ഇതിൽ ആദ്യ ഗഡുകഴിഞ്ഞുള്ള തുക സഹകരണ സംഘം അടച്ചിട്ടില്ല. ഇതിന് നോട്ടീസ് നൽകിയിട്ടുള്ളതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു. മുൻ കരാറുകാരനെ ഒഴിവാക്കിയാണ് ഈ വർഷം മുതൽ സഹകരണ സംഘത്തിന് നൽകിയത്.
രാത്രിയിൽ സംസ്‌കാരം നടത്താൻ വിറക് ശ്‌മശാനം മാത്രമാണുള്ളത്.എന്നാൽ വെള്ളിയാഴ്ച വിറക് ശ്‌മശാനം ആവശ്യപ്പെട്ട് ഒരാൾ മാത്രമാണ് വന്നതെന്നും വിറകില്ലാത്തതിനാൽ സംസ്‌കാരത്തിന് കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. അടുത്ത ദിവസം മുതൽ വിറക് ശ്‌മശാനം പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.