പാറശാല: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചേരുന്ന രാഹുൽ ഗാന്ധിക്കും സംഘത്തിനും പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, എം.പിമാർ, എം.എൽ.എമാർ, കോൺഗ്രസിന്റെ സംസ്ഥാന ജില്ലാ ജേതാക്കൾ തുടങ്ങിയവർ സ്വീകരണ യോഗത്തിൽ പങ്കെടുക്കും.
കൂടാതെ പാറശാല നിയോജക മണ്ഡലത്തിൽ നിന്നുള്ള അയ്യായിരത്തിൽപരം കോൺഗ്രസ് പ്രവർത്തകർ ജാഥയിൽ അണിചേരും.ഇന്ന് രാത്രിയിൽ ചെറുവാരക്കോണം സ്‌കൂളിലെത്തുന്ന സംഘം വിശ്രമിച്ച ശേഷം നാളെ രാവിലെ 7ന് പാറശാല ജംഗ്‌ഷനിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങും. തുടർന്നാണ് കേരളത്തിലേക്കുള്ള പദയാത്രയ്ക്ക് തുടക്കമിടുന്നത്. ദേശീയ പാതയിലൂടെ തുടരുന്ന പദയാത്ര രാവിലെ 10.30ഓടെ നെയ്യാറ്റിൻകര ഡോ.ജി.ആർ പബ്ലിക് സ്‌കൂളിലെത്തി വിശ്രമിച്ചതിന് ശേഷം വൈകിട്ട് 3.30ഓടെ അടുത്ത കേന്ദ്രമായ നേമത്ത് എത്തും. അന്ന് അവിടെ വിശ്രമിച്ച ശേഷം രാവിലെ 7ന് യാത്ര തുടരും.
സ്വീകരണ ചടങ്ങുകൾ വമ്പിച്ച വിജയമാക്കുന്നതിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും പാറശാല നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി പൊലീസിന്റെ കർശനമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ ആംബുലൻസ് സംഘവും പദയാത്രയെ അനുഗമിക്കും.